നിലമ്പൂർ: രാജ്യറാണി കൊച്ചുവേളിയിൽനിന്ന് നേരിട്ട് തിരുവനന്തപുരത്തേക്ക് സർവിസ് തുടങ്ങിയത് ആർ.സി.സി.യിലേക്ക് പോകുന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്വാസകരമായി. രാജ്യറാണിക്ക് തിരുവനന്തപുരത്തേക്ക് പോകുന്നവർക്ക് കൊച്ചുവേളിയിൽ ഇറങ്ങേണ്ട സ്ഥിതിയാണ് ഇതോടെ ഇല്ലാതായത്. തിരുവനന്തപുരം യാത്രക്കാര്‍ക്ക് കൊച്ചുവേളിയിൽ ഇറങ്ങി ബസ്, ഓട്ടോ എന്നിവയെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.
മാർച്ച് ഒന്നുമുതൽ നിലമ്പൂർ-കൊച്ചുവേളി എക്സ്പ്രസ് നാഗർകോവിൽ ട്രെയിനിന് കണക്ഷൻ സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു റെയിൽവേ അധികൃതർ അറിയിച്ചിരുന്നത്. കണക്ഷൻ ഏർപ്പെടുത്തിയതോടെ കൊച്ചുവേളിയിൽ സർവിസ് അവസാനിപ്പിച്ചിരുന്ന രാജ്യറാണിയിലെ യാത്രക്കാർക്ക് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ് ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. യാത്രക്കാർ കൊച്ചുവേളിയിൽ നിന്നും നാഗർകോവിൽ ട്രെയിനിന് മാറിക്കയറേണ്ടതായി വരുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നും പുതിയ നമ്പറിൽ നാഗർകോവിലിലേക്ക് നീട്ടുകയാണ് ഇപ്പോൾ ചെയ്തത്. ഇതോടെ യാത്രക്കാർക്ക് ഇറങ്ങിക്കയറേണ്ട സ്ഥിതി ഇല്ലാതായി. നേരിട്ട് തിരുവനന്തപുരത്തേക്കോ നാഗര്‍കോവില്‍ വരെയോ, തിരിച്ചും യാത്ര ചെയ്യാം. 16349 /16350 കൊച്ചുവേളി-നിലമ്പൂര്‍, നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസുകള്‍ ആണ് നാഗര്‍കോവില്‍ നിന്നും, കൊച്ചുവേളിയില്‍ നിന്നും 06428/ 06433 നാഗര്‍കോവില്‍-തിരുവനന്തപുരം-കൊച്ചുവേളി അണ്റിസര്വ്ഡ് എക്സ്പ്രസ് ആയി സര്‍വിസ് നടത്തുന്നത്.
നിലമ്പൂരില്‍ നിന്നുള്ള രാജ്യറാണി എക്സ്പ്രസ് കൊച്ചുവേളിയില്‍ എത്തുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് കണക്ഷന് വണ്ടിയായി കൊച്ചുവേളി -തിരുവനന്തപുരം -നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് ആയി സർവിസ് നടത്തും. തിരുവനന്തപുരത്തേക്ക് റിസര്‍വ് ചെയ്യുമ്പോള്‍ രാജ്യറാണി കൊച്ചുവേളി എന്നാണ് കാണിക്കുകയെങ്കിലും ഈ ടിക്കറ്റില്‍ തിരുവനന്തപുരം വരെ യാത്ര ചെയ്യാം. തിരിച്ച് നാഗര്‍കോവിലില്‍ നിന്നോ, തിരുവനന്തപുരത്ത് നിന്നോ നേരിട്ട് നിലമ്പൂര്‍വരെയും റിസര്‍വ് ചെയ്യാം. നേരിട്ട് തിരുവനന്തപുരത്തേക്ക് സർവിസ് തുടങ്ങിയതോടെ കൊച്ചുവേളിയില്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന സമയത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്.
നാഗര്‍കോവില്‍-തിരുവനന്തപുരം വണ്ടി വൈകുന്നേരം 6.20ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട് വൈകീട്ട് 7.55ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തും. അവിടെ നിന്നും 7.58ന് പുറപ്പെട്ട് 8.20ന് കൊച്ചുവേളിയില്‍ എത്തും. തുടർന്ന് ഒമ്പതിന് നിലമ്പൂർക്ക് പുറപ്പെടും. നിലമ്പൂരില്‍നിന്ന് രാത്രി പുറപ്പടുന്ന എക്സ്പ്രസ് പുലര്‍ച്ചെ 5.30നാണ് കൊച്ചുവേളിയില്‍ എത്തുക. 6.30ന് കൊച്ചുവേളിയില്‍നിന്ന് കൊച്ചുവേളി-തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് സര്‍വിസ് പുറപ്പെട്ട് 6.45 ന് തിരുവനന്തപുരം സെൻട്രലിലും 8.55ന് നാഗര്‍കോവിലിലും എത്തും.
നേരത്തെ തിരുവനന്തപുരം വരെ സർവിസ് നടത്തിയിരുന്ന രാജ്യറാണി 2019 മേയ് മുതലാണ് കൊച്ചുവേളി വരെയാക്കിയത്. നിലമ്പൂർ-മൈസൂരൂ റെയിൽവേ ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോൾ അനുവദിച്ചത്. പി.വി. അബ്ദുൽ വഹാബ് എം.പി ഉന്നതതലത്തിൽ ചെലുത്തിയ സമ്മർദവും ഫലം ചെയ്തു.