വണ്ടൂർ: ലോട്ടറി ടിക്കറ്റ് നമ്പറിൽ മാറ്റംവരുത്തി നടത്തിയ തട്ടിപ്പിൽ വിൽപനക്കാരന് നഷ്ടപ്പെട്ടത് 5000 രൂപ. തിരുവാലി നടുവത്ത് സ്വദേശി കാട്ടുമുണ്ട മോഹൻദാസിനാണ് പണം നഷ്ടപ്പെട്ടത്.മോഹൻദാസ് നടുവത്ത് അങ്ങാടിയിൽ ലോട്ടറി ടിക്കറ്റ് വിൽപന നടത്തുന്നതിനിടെ മോട്ടോർ ബൈക്കിലെത്തിയ ഒരാൾ ഒന്നാം തീയതി നറുക്കെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടോയെന്ന് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നോക്കിയപ്പോൾ 5000 രൂപ സമ്മാനമുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 200 രൂപയുടെ പുതിയ ടിക്കറ്റും 4800 രൂപയും മോഹൻദാസിൽനിന്ന് കൈപ്പറ്റി ഇയാൾ സ്ഥലം വിടുകയായിരുന്നു. തുടർന്ന് മോഹൻദാസ് സമ്മാനർഹമായ ടിക്കറ്റ് സ്കാൻ ചെയ്തു നോക്കിയപ്പോഴാണ് നമ്പർ വെട്ടി ഒട്ടിച്ചതാണെന്ന് ബോധ്യപ്പെട്ടത്. തട്ടിപ്പ് നടത്തിയയാൾ ഹെൽമെറ്റ് ധരിച്ചതിനാൽ തിരിച്ചറിയാനും സാധിച്ചിട്ടില്ല.
എന്നാൽ, ഇയാൾ ഓടിച്ച മോട്ടോർ ബൈക്കിന്റെ നമ്പർ മോഹൻദാസ് കുറിച്ചുവെച്ചിരുന്നു. ഇത് കാണിച്ച് വണ്ടൂർ പൊലീസിൽ പരാതി നൽകി. മുമ്പും സമാന രീതിയിൽ മോഹൻദാസിന് പണം നഷ്ടപ്പെട്ടിട്ടുണ്ട്.