കാളികാവ്: വളർത്തുമത്സ്യങ്ങളെ വീണ്ടും വിഷം കലക്കി കൊന്നതായി പരാതി. കാളികാവ് ചെറൂത്ത് പാറച്ചോലയിൽ തുപ്പിനിക്കാടൻ കബീറിന്റെ കുളത്തിലാണ് വിഷം കലക്കിയത്. വിളവെടുപ്പിന് പാകമായ രണ്ടു ടണ്ണോളം മീനുകൾ ചത്തുപൊങ്ങി. ഞായറാഴ്ച രാത്രിയാണ് മത്സ്യകൃഷി നടത്തുന്ന പാറക്വാറി കുത്തിൽ വിഷം കലക്കി മീനുകളെ കൊന്നൊടുക്കിയത്. മൂന്നാഴ്ച മുമ്പും ഇതേ കുളത്തിൽ സാമൂഹികദ്രോഹികൾ വിഷം കലക്കി മീനുകളെ കൊന്നിരുന്നു.
വാള, സിലോപ്പി തുടങ്ങി എട്ടു കിലോയോളം തൂക്കമുള്ളതടക്കം വലിയ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. അടുത്താഴ്ച വിളവെടുപ്പ് നടത്താനിരിക്കെയാണ് ഈ ക്രൂരത. ഫിഷറീസ് വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ ചെറുത്ത് പാറച്ചോല പാറമടയിലെ ജലാശയത്തിലാണ് മത്സ്യകൃഷി നടത്തിയിരുന്നത്.കഴിഞ്ഞവർഷവും വിളവെടുപ്പിനടുത്ത ദിവസം ഇതേ പോലെ വിഷം കലക്കി മീനുകളെ നശിപ്പിച്ചിരുന്നു.
സമീപത്തൊന്നും ആൾത്താമസമില്ലാത്ത പ്രദേശമാണിത്. രണ്ടു സംഭവങ്ങളിലുമായി മൂന്നുലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. കാളികാവ് പൊലീസ് വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.