മൊറയൂര്‍: മൊറയൂരിൽ സ്വകാര്യബസിലെ മർദനവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഇരുകൂട്ടരുടെയും പരാതിയിൽ നാട്ടുകാർക്കെതിരെയും ബസ് ജീവനക്കാർക്കെതിരെയുമാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഒരുകൂട്ടം നാട്ടുകാർ ബസ് ജീവനക്കാരെ മർദിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പാലക്കാടുനിന്ന് കോഴിക്കോട്ടോക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുള്ള മർദനത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊറയൂര്‍ സ്കൂള്‍പടി ബസ് സ്റ്റേപ്പില്‍ ഇറക്കേണ്ട യാത്രക്കാരനെ മൊറയൂര്‍ ടൗണ്‍ ബസ് സ്റ്റോപ്പില്‍ ഇറക്കിയെന്നാരോപിച്ച് സ്കൂള്‍ പടിയിയില്‍ ബസ് തടയുകയും ഡ്രൈവറും കണ്ടക്ടറുമടക്കമുള്ള ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നെന്നാണ് ബസുകാരുടെ പരാതി.
അതേസമയം, യാത്രികനോട് അപമര്യാദയായി ബസ് ജീവനക്കാര്‍ പെരുമാറി എന്നാണ് നാട്ടുകാരുടെ പരാതി. രാത്രിയില്‍ സ്കൂള്‍പടി ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്താത്തത് ചോദ്യം ചെയ്തതിനാല്‍ ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിക്കുകയും മൊബൈല്‍ കേടുവരുത്തുകയും കൈയിലുള്ള പണം അപഹരിച്ചു എന്നും ആരോപണമുണ്ട്.
യാത്രക്കാരന് മര്‍ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യാത്രക്കാരന്‍റെ പരാതിയിലും ബസ് ജീവനക്കാരുടെ പരാതിയിലും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.