പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു. സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത പക്ഷം ജില്ല മജിസ്ട്രേറ്റെന്ന അധികാരമുപയോഗിച്ച് ഡിവിഷനൽ മാനേജറെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നറിയിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നിർബന്ധിതരായത്.

മേൽപാല നിർമാണത്തിനായി 40 ദിവസത്തേക്കെന്ന് പറഞ്ഞ് അടച്ച റെയിൽവേ ഗേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഏറ്റവുമൊടുവിൽ റെയിൽവേ അധികൃതരെ കുറ്റപ്പെടുത്തിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയടക്കമുള്ളവർ ഗേറ്റ് തുറക്കാതിരിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചും സി.പി.എമ്മിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ചും നടന്നിരുന്നു.

കഴിഞ്ഞ ദിവസം താനൂർ നഗരസഭ കൗൺസിൽ യോഗം ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ റെയിൽവേ പാളത്തിന് മുകളിൽ ബീമുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കാനുള്ളതിനാൽ വീണ്ടും അടക്കേണ്ടി വരുമെന്നുറപ്പാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുന്നത് വരെ നിയമ പോരാട്ടമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *