മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറത്തെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു. പുതുപൊന്നാനി സ്വദേശി ആസിഫ് ( 32), പൊന്നാനി സ്വദേശി ബാദുഷ ( 43 ) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ദിവസങ്ങള്‍ക്ക് മുമ്പ് എട്ടുകിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി കബീര്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് മുഖ്യ സൂത്രധാരനായ ബാദുഷയെയും സഹായിയായ ആസിഫിനെക്കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്.
ബാദുഷ റൗഡി ലിസ്റ്റിലുള്ളയാളാണ്. ആസിഫ് നിരന്തരം കേസുകളില്‍ അകപ്പെടുന്ന വ്യക്തിയാണ്.ഇതിന് മുമ്പും കഞ്ചാവ് കടത്തിയതിന് ആസിഫിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇവരാണ് പൊന്നാനി, വെളിയങ്കോട് ,പാലപ്പെട്ടി മേഖലകളില്‍ കഞ്ചാവ് വില്‍പ്പനയെ നിയന്ത്രിക്കുന്നത്.ചെറുതും വലുതുമായ കഞ്ചാവ് വില്‍പ്പനക്കാര്‍ അറസ്റ്റിലാവുമ്പോള്‍ മുഖ്യ സൂത്രധാരനായ ബാദുഷയെ പൊലീസിന് പിടികൂടാന്‍ ഇത്രയും നാള്‍ കഴിഞ്ഞിരുന്നില്ല. ബാദുഷ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെണിയൊരുക്കുകയും പൊന്നാനി കുണ്ടുകടവില്‍ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്ന് പൊന്നാനി സി.ഐ പറഞ്ഞു
2022-09-04