കരുവാരകുണ്ട്: കർഷകരുടെ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് ക്ഷണിച്ച പന്നിവേട്ട സംഘം വെടിവെച്ചിട്ടത് എട്ട് കാട്ടുപന്നികളെ. പന്നികളെ വെടിവെക്കാൻ സർക്കാർ അനുമതി നേടിയ വിദഗ്ധസംഘമാണ് വ്യാഴാഴ്ച കരുവാരകുണ്ടിലെത്തിയത്.
മങ്കടയിലെ നെല്ലേങ്ങര അലി, പെരിന്തൽമണ്ണയിലെ വരിക്കത്ത് ചന്ദ്രൻ, ദേവകുമാർ, അങ്ങാടിപ്പുറത്തെ വി.കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വേട്ട. വേട്ടനായ്ക്കൾ കൂടിയടങ്ങുന്ന സംഘം പന്നിശല്യമുള്ള കൃഷിയിടങ്ങൾ അരിച്ചുപെറുക്കി.
വീട്ടിക്കുന്ന്, ചുള്ളിയോട്, പയ്യാക്കോട്, വാക്കോട്, കുട്ടത്തി, കണ്ണത്ത് എന്നിവിടങ്ങളിലായിരുന്നു പരിശോധന. കൃഷിയിടങ്ങളിൽ പതിയിരുന്ന പന്നികളെ നായ്ക്കൾ പുറത്തെത്തിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പൊന്നമ്മ, അംഗം നുഹ്മാൻ പാറമ്മൽ എന്നിവരും സംഘത്തെ അനുഗമിച്ചു.