ഒഴുകൂര്‍ (മലപ്പുറം): സ്വകാര്യ സ്കൂളിലെ നഴ്സറി വിദ്യാര്‍ഥി അതേ സ്കൂളിലെ വാഹനത്തിനടിയിൽപെട്ട് ദാരുണമായി മരിച്ചു. ഒഴുകൂര്‍ കുന്നക്കാട് കുറ്റിപ്പുറത്ത് മൂച്ചിക്കുണ്ടില്‍ നൂറുദ്ദീന്റെയും അംജിദ ജബിന്റെയും ഏക മകന് എമിന് ഐസിന് (അഞ്ച്) ആണ് മരിച്ചത്. ഒഴുകൂര്‍-മുസ്ലിയാരങ്ങാടി റോഡില്‍ കുമ്പളപ്പറമ്പില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്.
മുസ്ലിയാരങ്ങാടിയിലെ എ.ബി.സി സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ് എമിന് ഐസിന്. സ്കൂള്‍ വിട്ട് കുട്ടിയെ വീടിനടുത്ത് ഇറക്കിയശേഷം വാൻ എടുക്കുമ്പോള്‍ കുട്ടി അടിയിൽപെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം വിട്ടുകൊടുക്കും.

