കുറ്റിപ്പുറം: കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ കമ്പനിയുടെ മണ്ണുമാന്തി ഇടിച്ചതിനെ തുടർന്ന് തകരാറിലായ കുറ്റിപ്പുറം പാലത്തിൽ ഇന്ന് തുടങ്ങേണ്ട അറ്റകുറ്റപണികൾ മാറ്റിവച്ചു. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് അറ്റകുറ്റപണികൾ നടത്തുന്നത് മാറ്റിവക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പാലം അടക്കുകയില്ല എന്ന കാര്യത്തിൽ കുറ്റിപ്പുറം പോലീസിൻ്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ലഭിച്ചു. പാലം മുഴുവനായി അടക്കേണ്ട സ്ഥിതിയുള്ളതിനാൽ മറ്റൊരു ദിവസം മുൻകൂട്ടി അറിയിച്ച ശേഷമായിരിക്കും ഇനി പണികൾ നടക്കുകയെന്നും പോലീസ് അറിയിച്ചു. പാലം അടക്കാത്ത സ്ഥിതിക്ക് കുറ്റിപ്പുറം പാലം വഴിയുള്ള ഗതാഗതം ഇന്നു രാത്രിയും നിയന്ത്രണങ്ങളില്ലാതെ തുടരും.
നിർമാണ കമ്പനിയുടെ വാഹനം ഇടിച്ചതിനാൽ ഇവർ തന്നെയാണ് പാലത്തിൻ്റെ അറ്റകുറ്റപണി ചെയ്യുന്നതും. ഇതിനായി ഹൈദരാബാദിൽ നിന്ന് ഉപകരണങ്ങളും വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. രണ്ട് ദിവസളായി മൂന്ന് മണിക്കൂർ വീതം സമയം പണിക്ക് വേണ്ടിവരുമെന്നാണ് അറിയിച്ചിരുന്നത്. നേരത്തെ ഇന്ന് രാത്രി മുതൽ വഴി തിരിച്ചു വിട്ടതായി അറിയിച്ചിരുന്നു. ഈ അറിയിപ്പാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.