
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ മേൽപാലത്തിന് താഴെ കോൺക്രീറ്റ് ചെയ്ത നിലയിൽ
പൊന്നാനി: ചമ്രവട്ടം ജങ്ഷനിലെ ഫ്ലൈ ഓവറിനുതാഴെ ഇരുചക്ര വാഹനങ്ങൾക്കുൾപ്പെടെ റോഡ് മുറിച്ചുകടക്കാൻ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തം. സർവിസ് റോഡിലെ കാനകളുടെ നിർമാണം നടക്കുന്നതിനാൽ ഒരുഭാഗത്ത് കൂടി മാത്രമാണ് വലിയ വാഹനങ്ങളുൾപ്പെടെ ഇരുവശത്തേക്കുമായി കടന്നുപോകുന്നത്.
ഇത് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. ഫ്ലൈ ഓവറിന് താഴെ തെക്ക് ഭാഗത്തേക്ക് മാറി ഇരുചക്ര വാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും കാറുകൾക്കും സർവിസ് റോഡിൽനിന്ന് ക്രോസ് ചെയ്തു അപ്പുറത്ത് സർവിസ് റോഡിലേക്ക് എത്താൻ ഈ ഭാഗത്തെ രണ്ട് സ്പാനുകൾക്കിടയിലുള്ള സ്ഥലം മതിയാകുമെന്നും അതിനുള്ള സാഹചര്യം ദേശീയപാത അധികൃതരും പൊന്നാനി നഗരസഭ ട്രാഫിക് കൗൺസിലും സംവിധാനം ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
നിലവിൽ ചമ്രവട്ടം ജങ്ഷനിൽ തെക്കുഭാഗത്തെ സർവിസ് റോഡിൽനിന്നുവരുന്ന വാഹനങ്ങൾ ചമ്രവട്ടം ജങ്ഷനിൽ മണിക്കൂറുകൾ ഗതാഗതക്കുരുക്ക് കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്. ഇത് നാട്ടുകാർക്കും ഈ പ്രദേശത്ത് കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
പൊന്നാനി, എടപ്പാൾ, കുറ്റിപ്പുറം, ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ വരുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഗതാഗതക്കുരുക്ക് ചമ്രവട്ടം ജങ്ഷനിലെ ഫ്ലൈ ഓവറിന് സമീപം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ ചമ്രവട്ടം ജങ്നിലെ ഫ്ലൈ ഓവറിന്റെ അൽപം തെക്ക് ഭാഗത്തായി രണ്ട് സ്പാനുകൾക്കുള്ളിൽ കൂടെയുള്ള സ്ഥലത്തൂടെ ഇരുചക്ര, മുചക്ര വാഹനങ്ങൾക്കും കാറുകൾക്കും അടുത്ത സർവിസ് റോഡിലേക്ക് ക്രോസ് ചെയ്യാൻ സൗകര്യം ഉണ്ടാക്കിയാൽ മേൽപറഞ്ഞ വാഹനങ്ങൾക്ക് സുഗമമായി അടുത്ത സർവിസ് റോഡിലേക്ക് ക്രോസ് ചെയ്യാൻ കഴിയുന്നതും ഈ ഭാഗത്തുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും കഴിയുന്നതാണ്. മാത്രമല്ല തെക്കുഭാഗത്തെ സർവിസ് റോഡിലൂടെ വരുന്ന ചെറിയ ബസുകൾക്ക് പൊന്നാനി റോഡിലേക്ക് തിരിയാൻ വലിയ പ്രയാസമാണ് നിലനിൽക്കുന്നത്.
ദേശീയപാത അധികൃതർ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഈഴുവത്തിരുത്തി യൂനിറ്റ് പ്രസിഡന്റ് അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ, ജനറൽ സെക്രട്ടറി ലോഹിൽ അമീൻ എന്നിവർ ആവശ്യപ്പെട്ടു.