
കക്കാടംപൊയിൽ (മലപ്പുറം): വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസ്സുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.
വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതാണ് കുട്ടി. കുടുംബത്തിലെ മുതിർന്നവർ നമസ്കരിക്കുന്നതിനിടെ അഷ്മില്‍ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.
ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ഉടന്‍ മാതൃ-ശിശുവിഭാഗത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.