ചങ്ങരംകുളം: കോൾ മേഖലയിൽ കർഷകർക്ക് ദുരിതം വിതച്ച നന്നംമുക്ക് സ്രായിക്കടവ് പ്രദേശങ്ങളിലെ രണ്ട് സ്ഥിരംബണ്ടുകൾ പൊട്ടി. താമരകോൾ, വേവൽ കോളുകാളാണ് കൃഷി തുടങ്ങാനിരിക്കെ പൊട്ടിയത്. ആഴ്ചകളായി പമ്പിങ് നടത്തി കൃഷിയുടെ പ്രാരംഭ പ്രവൃത്തികൾ പൂർത്തീകരിച്ച പടങ്ങളിലേക്കാണ് ബണ്ടുപൊട്ടി വെള്ളം നിറഞ്ഞത്.
ഇതോടെ ഞാറുനടീലിന് ഒരുങ്ങിയ കർഷകർക്ക് വൻ തിരിച്ചടിയായി. കഴിഞ്ഞദിവസത്തെ മഴയെ തുടർന്ന് നൂറടി തോട്ടിലും മറ്റും വെള്ളം നിറയുകയും ബണ്ടുകളിലെ സമ്മർദ്ദത്തെ തുടർന്ന് ബണ്ട് പൊട്ടുകയുമായിരുന്നു.
ഇതോടെ 20 ദിവസം മൂപ്പെത്തിയ ഞാറുകൾ ഇനി നടീലിന് ഉപയോഗിക്കാൻ കഴിയാതെയായി. ഇനിയും ഏറെ പണം ചെലവഴിച്ച് ബണ്ട് കെട്ടി ദിവസങ്ങൾ പമ്പിങ് നടത്തിയ ശേഷമേ നടിൽ സാധ്യമായുകയുള്ളൂ. ഇതിനായി വീണ്ടും വിത്തുവിതച്ച് ഞാറ്റടി കളൊരുക്കി കർഷകർ കാത്തിരിക്കേണ്ടിവരും. കാലവർഷകെടുതിയും വേനലും വരൾച്ചയും കർഷകർക്ക് ഭീഷണിയാവുകയാണ്.