കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ മേക്കപ്പ് ആർട്ടിസ്റ്റ് മരിച്ചു. എറണാകുളം നോർത്ത് കൈതാരം ആലക്കട റോഡ് പ്രശാന്ത് നിവാസിൽ മണപ്പിള്ളിൽ എൻ.വി. ഗോപി (78) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ജില്ലാ സ്കൂൾ കലോത്സവം. ചവിട്ടുനാടക മത്സരത്തിനായി പൊന്നാനി വിജയമാത ഹൈസ്കൂൾ വിദ്യാർഥികൾക്ക് മേക്കപ്പ് ഇട്ടുകൊടുക്കുകയായിരുന്നു ഇദ്ദേഹം. ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ
ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കലോത്സവ നഗരിയിലെ മെഡിക്കൽ ടീം പരിശോധിച്ചു. തുടർന്ന് കോട്ടക്കൽ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നോർത്ത് പറവൂർ ഗോതുരുത്തിലെ ചവിട്ടുനാടക പരിശീലകൻ തമ്പി പയ്യമ്പിള്ളിയുടെ സംഘത്തിലെ മേക്ക് അപ്പ് ആർട്ടിസ്റ്റ് ആണ് ഗോപി. എറണാകുളത്തുനിന്ന് പുലർച്ചെ മൂന്നരയേടെ പുറപ്പെട്ട സംഘം രാവിലെ ആറരക്കാണ് കോട്ടക്കലെത്തിയത്. പ്രഭാത ഭക്ഷണം കഴിച്ച ശേഷം സ്കൂളിലെ ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടയിലാണ് സംഭവം.