ചങ്ങരംകുളം: ജൽജീവൻ പദ്ധതിക്ക് പൈപ്പിടാനായി ചങ്ങരംകുളം അങ്ങാടിയിലെ റോഡിന് നടുവിലൂടെ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്യാത്തത് ദുരിതമാകുന്നു. ഇടുങ്ങിയ റോഡിൽ വലിയ പൈപ്പുകൾകൂടി ഇട്ടതും മെറ്റൽ ചിതറിക്കിടക്കുന്നതും പൊടിശല്യവും യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി.
കൂടാതെ ഗതാഗത തടസ്സവും പതിവാണ്. ടൗണില്‍ പകല്‍ സമയങ്ങളില്‍ രൂക്ഷമായ പൊടിശല്യമാണെന്നും പലരും ആളുകളെ വെച്ച് കടകൾ വൃത്തിയാക്കേണ്ട ഗതികേടിലാണെന്നും വ്യാപാരികൾ പരാതിപ്പെട്ടു. നിരവധി ഭക്ഷണശാലകളുള്ള ടൗണിലെ രൂക്ഷമായ പൊടിശല്യം ഭക്ഷ്യസുരക്ഷക്കും ഭീഷണിയായി.
മണ്ണിട്ട് മൂടിയ കുഴികള്‍ മെറ്റലിട്ട് അടച്ചെങ്കിലും മെറ്റല്‍ മുഴുവന്‍ റോഡില്‍ പരന്ന് കിടക്കുകയാണ്. ഇത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബൈക്കുകളാണ് റോഡില്‍ മറിഞ്ഞ് വീണത്. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും പൊടിശല്ല്യത്തിന് പരിഹാരം കാണണമെന്നും പൊളിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.