എടപ്പാൾ: കുറ്റിപ്പുറം-പൊന്നാനി ദേശീയപാത നിർമാണത്തിനിടെ പന്തേപ്പാലത്ത് അടിപ്പാതയോട് അനുബന്ധിച്ചുള്ള മതിലും സർവിസ് റോഡും തകർന്ന ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ച് നീക്കിയുള്ള പുനർനിർമാണം പുരോഗമിക്കുന്നു.
പാടത്തിനിരകെയുള്ള ഓവുചാലിലൂടെ വെള്ളം കയറിയാണ് റോഡ് തകർന്നതെന്നാണ് കണ്ടെത്തൽ. ആയതിനാൽ ഈ ഭാഗത്ത് കൂടുതൽ സ്ഥലം ഏറ്റെടുത്ത് ഓവുചാൽ നീക്കി നിർമിക്കാനാണ് ഉപദേശിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാടശേഖര ഉടമകളുമായി പ്രാഥമിക ചർച്ച നടത്തി.
സ്ഥലം വിട്ടുകിട്ടിയാൽ ഉടൻ നിലവിലെ സർവിസ് റോഡ് വീതി കൂട്ടി പാടം ഭാഗത്ത് ഓവുചാൽ നിർമിക്കും. ഇതിന് മുന്നോടിയായി വിള്ളൽ വന്ന സർവിസ് റോഡും ഓവുചാലും പൊളിച്ച് നീക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കഴിഞ്ഞ ചൊവാഴ്ച വൈകീട്ടോടെയാണ് അടിപ്പാതയുടെ മതിലിനിടയിൽ മണ്ണ് നിറക്കുന്നതിനിടെ ഒരു ഭാഗം തകർന്നത്. ഇതിന്‍റെ പുനർനിർമാണം വേഗത്തിൽ പൂർത്തീകരിക്കുമെന്നാണ് അറിയുന്നത്. നിലവിൽ ദേശീയപാത വളാഞ്ചേരി-കാപ്പിരിക്കാട് റീച്ചിൽ 82 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്. കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിന്‍റെ പ്രവൃത്തിയാണ് പ്രധാനമായും ബാക്കിയുള്ളത്. പാലപ്പെട്ടി ഭാഗത്ത് പെയിന്‍റിങ് ജോലികൾ പുരോഗമിക്കുകയാണ്.