പെരിന്തൽമണ്ണ: ഒപ്പം ജോലി ചെയ്യുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. അങ്ങാടിപ്പുറം പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടിൽ ജോൺ പി. ജേക്കബിനെ (42) ആണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് എസ്. സൂരജ് വിചാരണ നടത്തി ശിക്ഷ വിധിച്ചത്. പ്രതിയുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയതായാണ് കേസ്. പ്രതി പിഴയടക്കുന്ന പക്ഷം സംഖ്യ അതിജീവിതക്ക് നല്കാന് ഉത്തരവായി.
പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടരായിരുന്ന സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരായിരുന്നു കേസന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി.
പ്രോസിക്യൂഷന് ഭാഗം തെളിവിലേക്ക് 17 സാക്ഷികളെ വിസ്തരിച്ചു. 29 രേഖകളും ആറു തൊണ്ടിമുതലുകളും ഹാജരാക്കി. രണ്ടു വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.