മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റകൃത്യ കേസുകളുടെ എണ്ണം പൊലീസ് കൃത്രിമമായി വർധിപ്പിച്ചെന്ന ആരോപണം നിലനിൽക്കെ, ഇതു സംബന്ധിച്ച് ജില്ലയിലെ ആറ് പ്രതിപക്ഷ എം.എൽ.എമാർ നൽകിയ നിയമസഭ ചോദ്യങ്ങൾക്ക് നിശ്ചിത ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല. എം.എൽ.എമാരായ പി.കെ. ബഷീർ, പി. ഉബൈദുല്ല, മഞ്ഞളാംകുഴി അലി, എ.പി. അനിൽകുമാർ, കെ.പി.എ. മജീദ്, കുറുക്കോളി മൊയ്തീൻ എന്നിവർ നൽകിയ ചോദ്യങ്ങൾക്കാണ് ആഭ്യന്തരവകുപ്പ് മറുപടി നൽകാത്തത്. വകുപ്പ് മന്ത്രി മറുപടി നൽകേണ്ട വിധത്തിൽ നക്ഷത്രചിഹ്നമിട്ട് നൽകിയ ചോദ്യങ്ങൾ, നക്ഷത്രചിഹ്നമില്ലാത്ത വിഭാഗത്തിലേക്ക് സ്പീക്കർ മാറ്റിയതിനെതിരെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധിച്ചിരുന്നു.
ഇങ്ങനെ മാറ്റിയ ചോദ്യങ്ങൾക്കാണ് നിയമസഭ പിരിഞ്ഞിട്ടും മറുപടി നൽകാതിരിക്കുന്നത്. ജില്ലയിലെ കുറ്റകൃത്യ കേസുകളുടെ വർധന, ഡാൻസാഫ് പ്രവർത്തനം, പൗരത്വ സമരക്കേസുകളുടെ അവസ്ഥ, സ്വർണക്കടത്തു കേസിന്റെ വിശദാംശം തുടങ്ങി 30 ചോദ്യങ്ങളോടാണ് മൗനം തുടരുന്നത്. എസ്. സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ എത്ര ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇനം, വർഷം എന്നിവ തിരിച്ച് വെളിപ്പെടുത്താമോ തുടങ്ങിയ നാല് േചാദ്യങ്ങളാണ് പി.കെ. ബഷീർ ഉന്നയിച്ചത്.
ജില്ലയിലെ കേസുകളുടെ എണ്ണവും സംസ്ഥാന ശരാശരിയും എത്ര, എണ്ണം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണോ തുടങ്ങിയ മൂന്ന് ചോദ്യങ്ങൾക്കാണ് പി. ഉബൈദുല്ലക്ക് മറുപടി കിട്ടാത്തത്. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് ടാർഗറ്റ് നിശ്ചയിച്ചെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഇല്ലെങ്കിൽ കേസുകളിലെ വർധനയുടെ കാരണമെന്താണെന്ന് വ്യക്തമാക്കുമോ? എന്നാണ് മഞ്ഞളാംകുഴി അലി ഉന്നയിച്ച പ്രധാന ചോദ്യം.
എസ്.പിയുടെ കീഴിൽ ഡാൻസാഫ് എന്ന പേരിൽ പ്രത്യേക പൊലീസ് വിഭാഗം പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ എന്നതടക്കം നാല് ചോദ്യങ്ങളാണ് കെ.പി.എ. മജീദ് ഉന്നയിച്ചത്. 2016 മുതൽ 2024 വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ ഒരേ കേസിൽതന്നെ വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം എത്രയെന്നതടക്കം കുറുക്കോളി മൊയ്തീൻ നൽകിയ 13 ചോദ്യങ്ങൾക്കും മറുപടിയില്ല. എ.ഡി.ജി.പി.ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഭരണകക്ഷി എം.എൽ.എ നൽകിയ പരാതിയുടെ പകർപ്പ് ലഭ്യമാക്കുമോ എന്നതടക്കം എ.പി. അനിൽകുമാർ ഉന്നയിച്ച ചോദ്യങ്ങളോടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്.