പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ലഹരി വ്യാപനം പ്രതിരോധിക്കാൻ പൊന്നാനി പൊലീസിന്റെ നേതൃത്വത്തിൽ ‘കവചം’ പദ്ധതി നടപ്പാക്കുന്നു. യുവാക്കളിലെയും വിദ്യാർഥികളിലെയും ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് പൊന്നാനി പൊലീസ് സ്റ്റേഷന്റെയും പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കർമപദ്ധതി തയാറാക്കിയത്.
ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിഞ്ഞ് കൗൺസലിങ്, ചികിത്സ എന്നിവ ലഭ്യമാക്കും.
ലഹരി ഉപയോഗത്തിലേക്ക് വഴുതിപ്പോകാൻ പ്രവണതയുള്ളവരെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി നടപടി സ്വീകരിക്കും. ലഹരി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകും.
ഒക്ടോബർ ഒന്നിന് നടക്കുന്ന പ്രഖ്യാപന സമ്മേളന ഭാഗമായി വിദ്യാർഥി – യുവജന റാലി, ഡോക്യുമെന്ററി പ്രദർശനം, ലഹരി വിരുദ്ധ പ്രതിജ്ഞ, സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശ തപാൽ ബോക്സ് സ്ഥാപിക്കൽ എന്നിവ നടക്കും.