കാളികാവ്: പാറശ്ശേരിയിൽ രണ്ടു വർഷത്തിനിടെ പുലി കൊണ്ടുപോയത് നിരവധി വളർത്തു മൃഗങ്ങളെ. പുലിപ്പേടിയിൽ സ്വൈര്യ ജീവിതം നശിച്ച നാട്ടുകാർ ഒടുവിൽ പ്രതിഷേധവുമായി രംഗത്ത്.
അടക്കാക്കുണ്ടിലെ പാറശ്ശേരി, ചങ്ങണംകുന്ന് ഭാഗങ്ങളിലാണ് ജനം പുലിപ്പേടിയിൽ കഴിയുന്നത്. വനം വകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒട്ടേറെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇതോടെയാണ് പാറശ്ശേരിയിൽ കർഷകരും നാട്ടുകാരും ചേർന്ന് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമ്മു ഉദ്ഘാടനം ചെയ്തു. പുലിശല്യത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര പ്രാധാന്യം നൽകണമെന്നും വളർത്തു മൃഗങ്ങളെ നഷ്ടമായവർക്ക് നഷ്ട പരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
രണ്ടാഴ്ചക്കിടെ ഈ മേഖലയിൽ മൂന്നിടങ്ങളിൽ പുലിയിറങ്ങി അഞ്ച് വളർത്തു ആടുകളെയാണ് കൊന്നത്. പ്രതിഷേധയോഗത്തിൽ വീട്ടമ്മമാരടക്കം നൂറോളം പേർ പങ്കെടുത്തു. വാർഡ് അംഗം ജോഷി റാത്തപ്പിള്ളി നേതൃത്വം നൽകി.