അരീക്കോട്: കൊടുമ്പുഴ വനമേഖലയിൽ ഹോട്ടൽ മാലിന്യം തള്ളിയ മൂന്നംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. പാലക്കാട് സ്വദേശി കെ. സൈതലവി (54), ഇരുവേറ്റി സ്വദേശി മുഹമ്മദ് (33), മഞ്ചേരി സ്വദേശി ഫിറോസ് ഖാൻ (33) എന്നിവരാണ് പിടിയിലായത്.
വനമേഖലയിലെ തോട്ടിൽ ഹോട്ടൽ ഉൾപ്പെടെയുള്ള മാലിന്യം വ്യാപകമായി തള്ളുന്നതായി വനവകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുമ്പുഴ വനവകുപ്പ് ഓഫിസിന്റെ നേതൃത്വത്തിൽ മേഖലയിൽ രാത്രി നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് മാലിന്യം തോട്ടിൽ തള്ളാൻ എത്തിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ വലയിലാക്കിയത്. മാലിന്യം തള്ളാൻ ഉപയോഗിച്ച വാഹനവും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ശേഷം ഇവർ മാലിന്യം എത്തിച്ചിരുന്ന എരഞ്ഞിമാവിലെ ഹോട്ടലിൽ എത്തിച്ചു പ്രതികളെ തെളിവെടുപ്പും നടത്തി.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിൽ വനവകുപ്പ് അന്വേഷണം തുടരുകയാണ്. മലപ്പുറം ജില്ലയിൽ പലതരത്തിലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒരു സാഹചര്യത്തിലാണ് ജലാശയത്തിലേക്ക് ഇത്തരത്തിൽ ഹോട്ടൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത്.
ഇതിനെതിരെയാണ് ഇപ്പോൾ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചത്. കൊടുമ്പുഴ വനം വകുപ്പ് ഓഫിസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എസ്. ഷിജിയുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. ചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുനീറുദ്ദീൻ, വി.സി. രജീഷ്, ആകാശ് ചന്ദ്രൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.