കൊണ്ടോട്ടി: കുറുപ്പത്ത് പഴയങ്ങാടിയില്‍ നിന്ന് ദേശീയപാതയിലേക്കുള്ള നിരത്തുവക്കില്‍ നിര്‍ബാധം തുടരുന്ന മാലിന്യം തള്ളല്‍ വെല്ലുവിളിയാകുന്നു.
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നഗരസഭയുടെ ഹരിതകർമ സേനാംഗങ്ങള്‍ ശേഖരിച്ച് വേര്‍തിരിച്ച അജീവ മാലിന്യം സംസ്കരണ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ചാക്കുകളില്‍ കെട്ടി നിരത്തുവക്കില്‍ സംഭരിച്ചുവച്ചിരിക്കുന്നതിനടുത്ത് ഭക്ഷണാവശിഷ്ടങ്ങളടക്കം നിര്‍ബാധം തള്ളുന്ന പ്രവണതയാണുള്ളത്. മാലിന്യം കെട്ടിവെച്ച ഭാഗം മാലിന്യ സംഭരണ കേന്ദ്രമെന്ന നിലയില്‍ സ്വകാര്യ വ്യക്തികളും വിവിധ സ്ഥാപനങ്ങളിലുള്ളവരും ഉപയോഗിക്കുന്ന സ്ഥിതി മേഖലയില്‍ ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്.
പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും കെട്ടി രാത്രിയിലാണ് ഈ ഭാഗത്ത് മാലിന്യം തള്ളുന്നത്. ഇത് തടയാന്‍ നിരീക്ഷണ സംവിധാനമോ മുന്നറിയിപ്പ് ബോര്‍ഡുകളോ നഗരസഭ ഒരുക്കിയിട്ടില്ല. കെട്ടിവെച്ച മാലിന്യം സംസ്ക്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് തള്ളിയ മാലിന്യം റോഡരികില്‍തന്നെ കിടക്കാറാണ് പതിവെന്ന് സമീപത്തെ സ്ഥാപന നടത്തിപ്പുകാരും നാട്ടുകാരും പറയുന്നു. ഇങ്ങനെ അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാലിന്യം ദുര്‍ഗന്ധം പരത്തുകയും ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
നഗരസഭ സംഭരിക്കുന്ന മാലിന്യങ്ങള്‍ വലിയ ചാക്കുകളില്‍ അട്ടികളായി വെച്ചതോടെ റോഡരികിലൂടെ കാല്‍നടയാത്രയും പ്രയാസത്തിലാണ്.
ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംഭരിക്കാന്‍ എം.സി.എഫ് സംവിധാനമില്ലാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം. വേര്‍തിരിച്ച മാലിന്യം റോഡരികുകളില്‍ കെട്ടിവെക്കുന്നിടത്ത് മറ്റു മാലിന്യങ്ങള്‍ തള്ളുന്ന സ്ഥിതി മിക്ക വാര്‍ഡുകളിലും നിലവിലുണ്ട്.