താനൂർ: ചിത്രകലയിലെ മികവിനെ വ്യത്യസ്ത പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ കാട്ടിലങ്ങാടിയുടെ സ്വന്തം സുരേഷ് മാഷിനെ തേടി സംസ്ഥാന അധ്യാപക അവാർഡിന്റെ തിളക്കം. സുരേഷ് കാട്ടിലങ്ങാടിയെ ഹൈസ്കൂൾ വിഭാഗത്തിലാണ് സംസ്ഥാനത്തെ മികച്ച അഞ്ച് അധ്യാപകരിൽ ഒരാളായി തിരഞ്ഞെടുത്തത്. കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ചിത്രകല അധ്യാപകനായ സുരേഷിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി ജൂലൈ മൂന്നിന് മാധ്യമം ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ചിത്രകലയിലെ മികവുകൾക്കൊപ്പം പഠനാനുബന്ധ മേഖലയിലെ സജീവമായ ഇടപെടലുകളാണ് അവാർഡിന് അർഹനാക്കിയത്. അധ്യാപക ജീവിതത്തിന് കണ്ണൂർ ജില്ലയിൽ തുടക്കംകുറിച്ച സുരേഷ് 11 വർഷങ്ങൾക്ക് ശേഷം പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായി എത്തുകയായിരുന്നു. വേറിട്ട പരിപാടികളാൽ വ്യത്യസ്ത ദിനാചരണ പ്രവർത്തനങ്ങള സമ്പുഷ്ടമാക്കാൻ ഈ അധ്യാപകനു കഴിഞ്ഞു. വിശേഷ പ്രാധാന്യമുള്ള വിഷയങ്ങൾ ലഘുകുറിപ്പും ചിത്രങ്ങളുമുൾപ്പെടുത്തി പി.ഡി.എഫ് ഇ ബുക്കുകളാക്കിയത് വിദ്യാഭ്യാസ ബ്ലോഗുകളിലും സമൂഹ മാധ്യമങ്ങളിലുമായി മികച്ച രീതിയിൽ വിനിമയം ചെയ്യപ്പെട്ടിരുന്നു.
ഓരോ കുട്ടിയെ കൊണ്ടും സ്വന്തമായി ഓരോ പതിപ്പ് പദ്ധതി, ക്ലാസ് തല എഴുത്തുമാസിക എന്നിവക്ക് നേതൃത്വം നൽകി. സ്കൂൾ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ചേർത്ത് സ്കൂൾ പത്രങ്ങൾ, ഓരോ വർഷവും മികവുകൾ ചേർത്തൊരുക്കിയുള്ള ഡിജിറ്റൽ പ്രിന്റ് ആൽബം എന്നിവയും തയാറാക്കിയിരുന്നു.
കുട്ടികൾക്കായി ചിത്രപ്പുര കലാവേദിയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലനം, സ്കൂളിൽ നടന്ന പഠന പരിപോഷണ പരിപാടി, ഇൻക്ലുസീവ് എജുക്കേഷൻ, കലാശിൽപശാല തുടങ്ങിയവക്കും നേതൃത്വം നൽകി. ചിത്രകലയുടെ സംസ്ഥാന റിസോഴ്സ് അധ്യാപകനായിരുന്ന സുരേഷ് കലാപഠനത്തിന്റെ ഉത്തരസൂചികയും തയാറാക്കാറുണ്ട്. ഒമ്പതാംതരം ഹിന്ദി പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ചിരുന്നു. പത്രങ്ങളിലെ വിദ്യാഭ്യാസ കോളങ്ങളിൽ പഠനാനുബന്ധ വിഷയങ്ങളിൽ എഴുതാറുണ്ട്. പഠനത്തിനൊപ്പം എന്നൊരു ലേഖന സമാഹാരവും ആനുകാലികങ്ങളിൽ 30ലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗുരുശ്രഷ്ഠ, ശ്രേഷ്ഠാചാര്യ അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി. നാരായം വീട്ടിൽ ചിലമ്പൻ നാരായണൻ-ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ. ചെന്നൈയിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന സോനു, എൻജിനീയറിങ് വിദ്യാർഥിയായ നിഖിൽ എന്നിവർ മക്കളാണ്.