വളാഞ്ചേരി: പൊതുനിരത്തിലെ അനധികൃത മത്സ്യക്കച്ചവടത്തിൽ കർശന നടപടിയുമായി വളാഞ്ചേരി നഗരസഭ. രാത്രികളിൽ പൊതു നിരത്തുകളിൽ വാഹനങ്ങളിലെത്തിച്ച് വിൽപന നടത്തുന്നവയിൽ ആരോഗ്യത്തിന് ഹാനികരമായ മത്സ്യങ്ങൾ കൂടി ഉണ്ടെന്ന പരാതി പൊതു സമൂഹത്തിൽനിന്ന് ഉയർന്നു വന്നതിനെ തുടർന്നാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയുമായി രംഗത്ത് വന്നത്.
പൊതു നിരത്തിൽ അനധികൃതമായി വാഹനങ്ങളിൽ കച്ചവടം ചെയ്തിരുന്ന മത്സ്യ കച്ചവടക്കാരെ നീക്കം ചെയ്തു. പരിശോധന സമയത്ത് നഗരത്തിലെ നാല് റോഡുകളിലായി ആറോളം കച്ചവടക്കാരുണ്ടായിരുന്നു. നഗരത്തിലെ അനനധികൃത മത്സ്യകച്ചവടം രാത്രിസമയങ്ങളിൽ നടക്കുന്നത് സംബന്ധിച്ചും നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു.
പരിശോധനക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ്, പി.എച്ച്.ഐമാരായ പത്മിനി, മുഹമ്മദ് ഹഫീദ് എന്നിവർ നേതൃത്വം നൽകി. ശുചീകരണ തൊഴിലാളികളായ സിറാജുദ്ദീൻ, സെലിൻ എന്നിവരും പങ്കെടുത്തു. തുടർന്നും പരിശോധന ഉണ്ടാകുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.