തിരൂരങ്ങാടി: ഗതാഗതക്കുരുക്ക് കൊണ്ട് നട്ടംതിരിയുന്ന ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. രാഷ്ടീയ ട്രേഡ് യൂനിയൻ പ്രതിനിധികളുടെ യോഗത്തിലുയർന്ന ശുപാർശകൾ പ്രകാരം റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ച നടപടികൾ പ്രാബല്യത്തിലായി.
രാവിലെ നടന്ന ക്രമീകരണത്തിന് നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി. ഇസ്മായിൽ, ഇ.പി. ബാവ, ജാഫർ കുന്നത്തേരി, സി.ഐ ശ്രീനിവാസൻ, എസ്.ഐ സാം ജോർജ് എന്നിവർ നേതൃത്വം നൽകി.
ചെമ്മാട് ടൗണില്‍ കദീജ ഫാബ്രിക്സിന് മുന്‍വശത്തെ ഷോപ്പിങ് കോപ്ലക്സിന് മുന്നിലായുള്ള പാര്‍ക്കിങ് ഏരിയ, നിലവിലെ വെള്ളവരയില്നിന്ന് രണ്ട് മീറ്റര്‍ പിന്നിലേക്ക് മാറ്റി. ചെമ്മാട് ടൗണിലെ ജങ്ഷനുകളിലും ആവശ്യമായ മറ്റു സ്ഥലങ്ങളിലും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഈസ്ഥലങ്ങളില്‍ നിർത്തിയിട്ട വാഹനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിച്ചു. കോഴിക്കോട് റോഡ് ജങ്ഷനിലെയും ദര്‍ശന ടെക്സ്റ്റൈല്‍സിന് മുന്നിലെയും ഖദീജ ഫാബ്രിക്സിന് മുന്നില്‍ ഇരുവശങ്ങളിലുമുള്ള അനധികൃത ബസ് കാത്തിരിപ്പ് കേന്ദ്രം ഒഴിവാക്കി. ഈ സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ബസുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. ഈ സ്ഥലങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.
കൊടിഞ്ഞി റോഡില്‍ രജിസ്ട്രാര്‍ ഓഫിസിന് മുന്‍വശത്തുള്ള ബസ് സ്റ്റോപ്പ് നിലനിര്‍ത്തി. കോഴിക്കോട് റോഡില്‍ നിലവിലെ അനധികൃത ബസ് സ്റ്റോപ്പ് ഒഴിവാക്കി എൽ.ഐ.സി ഓഫിസിന് മുന്നിലായി പുതിയ സ്റ്റോപ്പ് അനുവദിച്ചു.
കോഴിക്കോട് ജങ്ഷനില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവില്‍ സ്ഥാപിച്ച സ്ഥലത്ത് തന്നെ നിലനിര്‍ത്തി. കോഴിക്കോട് ജങ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോ സ്റ്റാൻഡ് 20 മീറ്റര്‍ പിന്നിലേക്ക് മാറ്റി, ഓട്ടോകള്‍ പരമാവധി വശത്തേക്ക് ചേര്‍ത്തുനിര്‍ത്താൻ നടപടി സ്വീകരിച്ചു. ദര്‍ശന ജങ്ഷനില്‍ പരപ്പനങ്ങാടി റോഡിലുള്ള ഓട്ടോ സ്റ്റാൻഡ് 20 മീറ്റര്‍ പിന്നിലേക്ക് മാറ്റുകയും ഓട്ടോ പരമാവധി വശത്തേക്ക് ചേര്‍ത്തുനിര്‍ത്താൻ നടപടി സ്വീകരിക്കുകയും ചെയ്തു. കൊടിഞ്ഞി റോഡ് ജങ്ഷനിലും പഴയ ബസ് സ്റ്റാൻഡിന് മുന്നിലുമുള്ള ഓട്ടോ സ്റ്റാൻഡ് അവിടെ നിന്നും മാറ്റി പൊലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ പടിഞ്ഞാറെ പൊളിയിലേക്ക് മാറ്റി, ഈ സ്ഥലത്ത് ഓട്ടോ സ്റ്റാൻഡ് ബോര്‍ഡ് സ്ഥാപിച്ചു.
- ചെമ്മാട്-പരപ്പനങ്ങാടി റോഡില്‍ കോഴിക്കോട് ജങ്ഷനില്‍ കുന്നുമ്മല്‍ കോംപ്ലക്സിന് മുന്നില്‍ നിന്നും തൃക്കുളം സ്കൂള്‍ വരെയും കൊടിഞ്ഞി റോഡ് ജങ്ഷന് മുതല്‍ ദര്‍ശന ജങ്ഷന് വരെയും താല്‍ക്കാലിക ഡിവൈഡറുകള്‍ വൈകാതെ സ്ഥാപിക്കും.
- പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുമ്പോള്‍ പത്തൂര്‍ ഹോസ്പിറ്റലിന് മുന്നിലും തൃക്കളം സ്കൂളിന് മുന്നിലുമുള്ള രണ്ട് ബസ് സ്റ്റോപ്പുകള്‍ മാറ്റി കിസാന്‍ കേന്ദ്രത്തിനു മുന്നിലായി പുതിയ സ്റ്റോപ്പ് സ്ഥാപിക്കും. ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് ബോര്‍ഡ് സ്ഥാപിക്കും.
- പാരലല്‍ സര്‍വിസ് നടത്തുന്ന ട്രക്കര്‍ വാഹനങ്ങള്‍ പരപ്പനങ്ങാടി റോഡില്‍ തൃക്കുളം സ്കൂളിന് പടിഞ്ഞാറുഭാഗത്തേക്ക് മാറ്റും.
- നോ പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തുന്ന ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
- ചെമ്മാട് ടൗണില്‍ പാരലല്‍ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
- ചെമ്മാട് ടൗണിലെ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് കയറാനുമിറങ്ങാനും ഇന്‍ ഔട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കും.