മലപ്പുറം: കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ ശ്രദ്ധേയ പദ്ധതിയായി അവതരിപ്പിച്ച ഗ്രാമസഭ പോർട്ടലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പഞ്ചായത്ത് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും അടിസ്ഥാന വിവരങ്ങളും അറിയിപ്പുകളും പ്രസിദ്ധീകരിക്കാനും വാർഡ്തലങ്ങളിൽ ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാനും സൗകര്യമൊരുക്കിയാണ് പോര്‍ട്ടല്‍ തയാറാക്കിയത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി പോർട്ടലിന്റെ പ്രവർത്തനം പാടേ അവതാളത്തിലാണ്. ഗ്രാമസഭകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോർട്ടലിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. പൊതുജനങ്ങൾക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സംവിധാനവും കാര്യക്ഷമമല്ല. ഗെസ്റ്റ് യൂസറായി പോർട്ടലിലൂടെ നിർദേശം സമർപ്പിക്കുന്ന കോളത്തിൽ പേരും നമ്പറും നൽകി മുന്നോട്ടുപോവുമ്പോൾ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ല എന്നാണ് മറുപടി ലഭിക്കുന്നത്.
ഇൻഫർമേഷൻ കേരള മിഷനാണ് (ഐ.എം.കെ) പോർട്ടലിന്റെ ചുമതല. പോർട്ടലിന്റെ പ്രവർത്തനത്തിൽ പരാതി ഉന്നയിച്ച് കോഡൂർ പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ഫാത്തിമ വട്ടോളി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിൽ, എസ്.എസ്.എൽ സർട്ടിഫിക്കറ്റ് കാലഹരണപ്പെട്ടതിനാലാണ് പോർട്ടൽ പ്രവർത്തനരഹിതമായിരുന്നതെന്നും നിലവിൽ പ്രവർത്തനസജ്ജമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ മറുപടിക്കുശേഷവും പോർട്ടൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം തുടരുകയാണ്.
ഗ്രാമസഭ ചേരുന്ന തീയതിയും സ്ഥലവും ചർച്ച ചെയ്യുന്ന വിഷയങ്ങളും പോർട്ടലിൽ അറിയാനാകും. ജനപ്രതിനിധികളോട് ചോദ്യംചോദിക്കാനും മെംബർക്ക് വ്യക്തിപരമായി മറുപടി നൽകാനും പോർട്ടലിലൂടെ സാധിച്ചിരുന്നതിനാൽ പൊതുജനങ്ങൾക്ക് ഏറെ ഉപയോഗപ്രദമായിരുന്നു ഈ സംവിധാനം. www.gramaSabha.lsgkerala.gov.in എന്ന ലിങ്കിലാണ് വെബ്സൈറ്റ് ഒരുക്കിയിട്ടുള്ളത്. പോർട്ടൽ പൊതുജനങ്ങളും പഞ്ചായത്ത് അംഗങ്ങളും നിലവിൽ കാര്യമായി ഉപയോഗിക്കുന്നില്ലെന്നും എന്നാലും പദ്ധതി കാര്യക്ഷമമാക്കാനുള്ള നടപടികൾ നടന്നിട്ടുണ്ടെന്നുമാണ് ഇൻഫർമേഷൻ കേരള മിഷനിൽനിന്നുള്ള പ്രതികരണം.