മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തിയിരുന്നു. മൃതശരീരങ്ങളും ശരീരഭാഗങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മുണ്ടേരിക്ക് സമീപം തുടിമുടി, അമ്പുട്ടാൻ പുട്ടി എന്നിവിടങ്ങളിൽ നിന്നാണ് രണ്ട് മൃതശരീരങ്ങൾ തിരച്ചിൽ സംഘം കണ്ടെത്തിയത്. മാനവേദൻ സ്കൂൾ കടവിന് സമീപം ഒരു കാലും കിട്ടി. ഇന്നലെ മുണ്ടേരി ഭാഗത്ത് നിന്ന് ഏഴ് മൃതശരീരങ്ങൾ കിട്ടിയിരുന്നു.
ദുരന്തത്തിന്റെ അഞ്ചാം നാളിൽ ചാലിയാർ അരിച്ചുപെറുക്കി തിരച്ചിൽ നടന്നുവരികയാണ്. ഇതുവരെ മൊത്തം ലഭിച്ച മൃതശരീരങ്ങളിൽ മൂന്നിലൊന്ന് ഭാഗവും നിലമ്പൂർ പോത്തുകല്ല് മേഖലയിലെ ചാലിയാറിൽ നിന്നും വനത്തിൽ നിന്നുമാണ്. ചാലിയാറിൽ നിന്ന് ഇതുവരെ ലഭിച്ചത് 70 മൃതശരീരങ്ങളും 127 ശരീരഭാഗങ്ങളുമാണ്.
40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന ഒമ്പത് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസ്, വനം, ഫയർഫോഴ്സ്, തണ്ടർബോൾട്ട്, എൻ.ഡി.ആർ.എഫ്, നാട്ടുകാർ, നൂറുകണക്കിന് വളണ്ടിയർമാർ തുടങ്ങിയവർ ചേർന്നാണ് ചാലിയാറിലും വനങ്ങളിലും തിരച്ചിൽ നടത്തുന്നത്. പുഴയുടെ അരികുകളും മൃതശരീരങ്ങൾ തങ്ങാൻ സാധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.