പൂക്കോട്ടുംപാടം: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ സ്വദേശി പാറന്തോടൻ ജസീലിയാണ് ( പട്ടാമ്പി ജസീൽ -38) അറസ്റ്റ് ചെയ്തത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജസീൽ. ജില്ല പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ വി.ആർ. വിനോദാണ് നടപടി സ്വീകരിച്ചത്. ബലാത്സംഗം, പ്രായപൂർത്തിയാവാത്ത ആദിവാസി പെൺകുട്ടിയെ ശല്യം ചെയ്തതിന് പോക്സോ കേസ്, വാഹനമോഷണം, റബർ ഷീറ്റ് മോഷണം, മണൽക്കടത്ത്, വധശ്രമം, പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടൽ, തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയായ ജസീലിനെ പൊലീസ് കാപ്പ ചുമത്തി ജില്ല യിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രവേശന വിലക്കിന്റെ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ ജസീൽ ഡിസംബറിൽ നാട്ടിലുണ്ടായി രുന്നു. കഴിഞ്ഞ മേയ് മൂന്നിന് രാത്രി 12.30 മണിയോടെ മൈലമ്പാറ യിൽ ഉറങ്ങി കിടക്കുകയായിരുന്ന വീട്ടമ്മ യുടെ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ വീണ്ടും അറസ്റ്റിലായ ജസീൽ ജാമ്യത്തിലിറങ്ങി അറസ്റ്റ് ഭയന്ന് മുങ്ങുകയായിരുന്നു.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി. പി.കെ. സന്തോഷിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരവെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു പ്രതി അറസ്റ്റിലായത്. എ.എസ്.ഐ എ. ജാഫർ, സി.പി.ഒ നൗഷാദ്, ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിൻദാസ് എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.