മഞ്ചേരി: പയ്യനാട് ഹോമിയോ ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായി രോഗികളിൽനിന്ന് സ്വന്തം ഗൂഗിൾ പേ അക്കൗണ്ട് വഴി പണം സ്വീകരിക്കുകയും ഇതിന്റെ പേരിൽ വ്യാജ രേഖ കെട്ടിച്ചമക്കുകയും ചെയ്ത ക്ലർക്കിനെതിരെ നടപടി സ്വീകരിച്ചുവരുന്നതായി ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) അറിയിച്ചു.
ഏറനാട് താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിൾപേ വഴി രോഗികളിൽനിന്ന് ഫീസ് ഈടാക്കുന്ന സംവിധാനം നിർത്തിയതായും അവർ പറഞ്ഞു. സേവനങ്ങൾക്കുള്ള ഫീസ് തന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് മുൻ സൂപ്രണ്ട് ഉത്തരവിട്ടതായി വ്യാജരേഖ ചമച്ചാണ് ഇയാൾ അക്കൗണ്ട് വഴി പണം സ്വീകരിച്ചെതെന്നാണ് പരാതി. ആശുപത്രിയിൽ ഉച്ചക്ക് രണ്ട് മുതൽ ആറുവരെ സായാഹ്ന ഒ.പി സംവിധാനം ആരംഭിച്ചതായും അറിയിച്ചു.
ഫിസിയോ തെറാപ്പിക്കായി ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കണമെന്ന് സഭാംഗം ജില്ല മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടു. മഞ്ചേരി ഉപജില്ലക്ക് കീഴിലെ സ്കൂളുകളിൽ മുൻ വർഷത്തേക്കാൾ കുട്ടികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി എ.ഇ.ഒ അറിയിച്ചു.
ആന്റി ബയോട്ടിക്കുകളുടെ അനധികൃത ഉപയോഗം തടയാൻ ഓപറേഷൻ അമൃത് എന്ന പേരിലും വ്യാജ ആന്റി ബയോട്ടിക്കുകൾ കണ്ടെത്താൻ ഓപറേഷൻ ഡബിൾ ചെക്ക് എന്ന പേരിലും പരിശോധന നടന്നുവരുന്നതായി ഡ്രഗ്ഗ് ഇൻസ്പെക്ടർ അറിയിച്ചു.
പാചക വാതക സിലിണ്ടറുകൾ വീടുകളിൽ വിതരണം ചെയ്യുന്ന എല്ലാ വാഹനങ്ങളിലും ത്രാസ് നിർബന്ധമായി ഉണ്ടാകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ ഗ്യാസ് സിലിണ്ടറുകൾ തൂക്കി നൽകണം. ഇത്തരത്തിൽ തൂക്കി നൽകാൻ വിസമ്മതിച്ചാൽ ഉപഭോക്താക്കൾക്ക് പരാതി സമർപ്പിക്കാമെന്നും ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു.
പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഏറനാട് തഹസിൽദാർ എം.കെ. കിഷോർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മുഹമ്മദ്, ഇ. അബ്ദുല്ല, ഒ.ജെ. സജി, പുലിയോടൻ മുഹമ്മദ്, കെ.എം. ജോസ്, കെ.ടി. ജോണി, എൻ.പി. മോഹൻ രാജ്, സി.ടി. രാജു, വല്ലാഞ്ചിറ നാസർ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു.