പൂക്കോട്ടൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിനുപിറകെ പൂക്കോട്ടൂരില്‍ സി.പി.ഐ പ്രവര്‍ത്തകരുടെ കൂട്ട രാജി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുള്‍പ്പെടെയുള്ള അംഗങ്ങളും ബ്രാഞ്ച് ഭാരവാഹികളും പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേരാണ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുക്കന്‍ റസാഖും എട്ട് അംഗങ്ങളും രാജി പ്രഖ്യാപിച്ചതിനൊപ്പം ലോക്കല്‍ കമ്മിറ്റിയും പഞ്ചായത്തിലെ നാല് ബ്രാഞ്ച് കമ്മിറ്റികളും പിരിച്ചുവിടുകയും വള്ളുവമ്പ്രത്തെ ലോക്കല്‍ കമ്മിറ്റി ഓഫിസ് അടച്ചുപൂട്ടുകയും ചെയ്തു.
വെള്ളിയാഴ്ച ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി ജനറല്‍ബോഡി യോഗത്തിലാണ് പാര്‍ട്ടി ഭാരവാഹികളും പ്രവര്‍ത്തകരും രാജി പ്രഖ്യാപിച്ചത്. ഇതോടെ പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ നാമമാത്രമായി. ഇതിനു തുടര്‍ച്ചയായി ചില പ്രവര്‍ത്തകര്‍ പാര്‍ട്ടി അംഗത്വ കാര്‍ഡുകള്‍ കത്തിച്ചതടക്കമുള്ള നടപടികള്‍ മണ്ഡലം നേതൃത്വത്തെയും ജില്ല ഘടത്തൈയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളിലും സി.പി.ഐ നേതാക്കളുടെ ഭൂമി ഇടപാടുകളടക്കമുള്ള വഴിവിട്ട സമീപനങ്ങളിലും മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ പാര്‍ട്ടി ഭരണഘടന വിരുദ്ധ നടപടികളിലും പ്രതിഷേധിച്ചാണ് രാജിയെന്ന് മുക്കന്‍ റസാഖ് പറഞ്ഞു. പുതിയ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിലനില്ക്കാന് അനുവദിക്കാത്ത സമീപനമാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളില്നിന്നടക്കമുള്ളതെന്ന് പാര്‍ട്ടി വിട്ടവര്‍ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തെരഞ്ഞെടുത്ത ലോക്കല്‍ കമ്മിറ്റിക്കുകീഴില്‍ പൂക്കോട്ടൂരില്‍ പുതിയ ബ്രാഞ്ചുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെ മുന്നണിക്കുള്ളിലും പാര്‍ട്ടിയിലും ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായിരുന്നു. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍നിന്ന് മാറി ഒറ്റക്കാണ് സി.പി.ഐ മത്സരിച്ചിരുന്നത്.
അതേസമയം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നേരത്തേതന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നെന്നാണ് മേല്‍ഘടകം വിശദീകരിക്കുന്നത്. പുതിയ സാഹചര്യം ജില്ല നേതൃത്വവും വിലയിരുത്തി വരികയാണ്. പാര്‍ട്ടി വിടാനുണ്ടായ സാഹചര്യം പൊതുയോഗം നടത്തി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുമെന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന റസാഖ് അറിയിച്ചു. സി.പി.ഐ വിട്ടവര്‍ യു.ഡി.എഫിലേക്ക് ചേക്കേറിയേക്കുമെന്നും സൂചനയുണ്ട്.