പെരുമ്പടപ്പ്: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫിസിലേക്ക് കർഷകർ മാർച്ച് നടത്തി. നെല്ല് സംഭരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും കോൾ കർഷകരുടെ പണം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പൊന്നാനി കോൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
കിലോഗ്രാമിന് 28.30 രൂപ നിരക്കിലായിരുന്നു മാർച്ച് മുതൽ മേയ് വരെ മാസങ്ങളിൽ സപ്ലൈകോ നെല്ല് സംഭരിച്ചത്. കോളിലെ മൂവായിരത്തോളം കർഷകരിൽ നിന്ന് 10,500 ടൺ നെല്ല് സംഭരിച്ചതിന്റെ തുക 30 കോടി രൂപയാണ് സപ്ലൈകോ നൽകാനുള്ളത്. മുൻകാലങ്ങളിൽ സംഭരിച്ച രണ്ട് ആഴ്ചക്കുള്ളിൽ പണം ലഭിച്ചിരുന്നു. സപ്ലൈകോയുടെയും ബാങ്കുകളുടെയും അനാസ്ഥയാണ് വൈകാൻ കാരണമെന്ന് കർഷകർ ആരോപിച്ചു. വി.വി. കരുണാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എൻ.കെ. സതീശൻ അധ്യക്ഷത വഹിച്ചു. കെ.എ. ജയന്ത്, പി. അബ്ദല്ല ലത്തീഫ്, ഹസൻ തളികശ്ശേരി, വി.കെ. ഹമീദ്, മുസ്തഫ കമാൽ എന്നിവർ സംസാരിച്ചു.