മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ സ്റ്റോർ കോംപ്ലക്സ് നിർമിക്കാനുള്ള നടപടി വൈകുന്നു. കണ്ടെത്തിയ സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ തടസ്സം. നാല് വർഷം മുമ്പ് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നാല് മാസം മുമ്പ് ടെൻഡർ നടപടികൾക്ക് മുമ്പായുള്ള കാര്യങ്ങളും പൂർത്തിയാക്കി. മരങ്ങൾ മുറിച്ചുമാറ്റിയാൽ ടെൻഡർ നടപടികളിലേക്ക് പ്രവേശിക്കാമെന്ന് മരാമത്ത് വകുപ്പ് മെഡിക്കൽ കോളജ് അധികൃതരെ അറിയിച്ചെങ്കിലും നടന്നില്ല. ഇതോടെ ആശുപത്രിയിൽ മരുന്ന് സൂക്ഷിക്കാൻ ഇടമില്ലാത്ത സ്ഥിതിയാണ്. രോഗികൾക്ക് നൽകേണ്ട മരുന്നുകൾ ആളുകൾ നടന്നുപോകുന്ന ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഒ.പി ബ്ലോക്കിൽ മോർച്ചറിയിലേക്കുള്ള വഴിയിലും പഴയ ബ്ലോക്കിൽ സെമിനാർ ഹാളിലേക്കും ക്ലിനിക്കൽ ലക്ചർ ഹാളിലേക്കുമുള്ള വഴിയിലും കൂട്ടിയിട്ടിരിക്കുകയാണ് മരുന്നുകൾ.
മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിനോട് ചേർന്ന ഭൂമിയാണ് സ്റ്റോർ കോംപ്ലക്സിനായി നേരത്തെ കണ്ടെത്തിയിരുന്നത്. ഇവിടെ മണ്ണുപരിശോധന നടപടികളും പൂർത്തിയാക്കി. ഈ ഭൂമി അനുയോജ്യമല്ലെന്ന് പിന്നീട് കണ്ടെത്തി. മെഡിക്കൽ കോളജ് ഹോസ്റ്റലിനോട് ചേർന്ന ഭൂമിയാണ് പുതുതായി കണ്ടെത്തിയത്. ഇവിടെയാകട്ടെ രണ്ടര കോടി രൂപ ഉപയോഗിച്ച് കോംപ്ലക്സിന്റെ നിർമാണം പൂർത്തീകരിക്കാനും സാധിക്കില്ല. 7,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായി നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. നിലവിൽ അനുവദിച്ച രണ്ടര കോടി രൂപ ഉപയോഗിച്ച് താഴത്തെ നിലയുടെ പകുതി ഭാഗം മാത്രമേ നിർമിക്കാനാകൂ. മരങ്ങൾ മുറിച്ചുമാറ്റാൻ അടുത്ത മാസം 17ന് ലേലം നടക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.