പെരിന്തൽമണ്ണ: ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പരതിയും സ്വയംവിമർശനം നടത്തിയും ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ആദ്യദിനം. ഇടതുപക്ഷ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട്, രാജ്യത്ത് ശക്തിയാർജിച്ചുവരുന്ന ഫാഷിസ്റ്റ് പ്രവണതകൾക്കെതിരെ അടിസ്ഥാന ജനവിഭാഗങ്ങളെ ഒപ്പം നിർത്തി പോരാട്ടം ശക്തിപ്പെടുത്തണമെന്ന ആഹ്വാനമാണ് സെമിനാറിൽ ഉയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടത് തോൽവിയെക്കുറിച്ചുള്ള സ്വയം വിമർശനം ഈ സെമിനാറിൽ നടത്തുമെന്ന ആമുഖത്തോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
പാർട്ടി ക്ലാസിന് സമാനമായ, സംസ്ഥാന സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അവസാനഭാഗത്താണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാര്യകാരണങ്ങൾ വിശദമായി പ്രതിപാദിച്ചത്. തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് നേരിട്ടതെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും തെറ്റുതിരുത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘടന പ്രശ്നങ്ങളും തുടർഭരണം പാർട്ടി കേഡർമാരിൽ ഉണ്ടാക്കിയ മുതലാളിത്ത പ്രവണതകളും തിരിച്ചടിക്ക് കാരണമായി ചൂണ്ടിക്കാട്ടിയ എം.വി. ഗോവിന്ദൻ, ഇത്തരം ദുഷ്യങ്ങളെ തൂത്തെറിയുന്നതിലൂടെ മാത്രമേ പാർട്ടിക്ക് ബഹുജനവിശ്വാസം വീണ്ടെടുക്കാനാവൂയെന്നും വ്യക്തമാക്കി. പരിമിതികളും കുറവുകളും സങ്കോചം കൂടാതെ അംഗീകരിക്കാനും തിരുത്താനും കഴിയണമെന്നും അതാണ് ഇ.എം.എസ് പഠിപ്പിച്ച പാഠമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സദസ്സിനെ ഉണർത്തി. പാർട്ടിക്കോ തനിക്കോ പറ്റിയ തെറ്റുകൾ ജനങ്ങളോട് ഏറ്റുപറയുകയാണ് വേണ്ടത്. ഇ.എം.എസ് സ്മാരക പ്രഭാഷണം നിർവഹിച്ച ഇടതു ചിന്തകൻ കെ.ഇ.എൻ. കുഞ്ഞഹമ്മദും പാർട്ടിയുടെ തോൽവിയുടെ പ്രത്യയശാസ്ത്ര കാരണങ്ങളിലേക്കാണ് വിരൽ ചൂണ്ടിയത്.
പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ വ്യാഴാഴ്ച രാവിലെ ആരംഭിച്ച സെമിനാറിൽ 2000ഓളം പ്രതിനിധികളാണ് സംബന്ധിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, പ്രഫ. പ്രഭാത് പട്നായിക് അടക്കം പ്രമുഖർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി, ഇ.എം.എസിന്റെ മകൾ ഇ.എം. രാധ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ, മുൻ ജില്ല സെക്രട്ടറി പി.പി. വാസുദേവൻ, പൊന്നാനി ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ഹംസ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ പത്തിന് ദേശീയ രാഷ്ട്രീ്യം ഇ.എം.എസിനുശേഷം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂ രി ഉദ്ഘാടനംചെയ്യും. സി.എസ്. സുജാത, ഡോ.കെ.എൻ. ഗണേഷ്, കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. ഉച്ചക്ക് രണ്ടിന് സ്വത്വം ശാസ്ത്രം രാഷ്ട്രീയം സെഷൻ പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. സമാന്തരമായി നടക്കുന്ന മാധ്യമ സെമിനാറിൽ എം. സ്വരാജ്, വെങ്കിടേശ് രാമകൃഷ്ണൻ, ടി.എം. ഹർഷൻ, മലിന സി. മോഹൻ എന്നിവർ പങ്കെടുക്കും.