പുലാമന്തോൾ (മലപ്പുറം): കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കുവൈത്ത് അഗ്നി ദുരന്തത്തിനിരയായ പുലാമന്തോൾ സ്വദേശി ബാഹുലേയൻ. പുലാമന്തോൾ തുരുത്തിൽ താമസിക്കുന്ന മുൻ ബ്ലോക്ക് പഞ്ചായത്തംഗം മരക്കാടത്ത് പറമ്പിൽ വേലായുധന്റെയും ഭാര്യ ഓമനയുടെയും മകനായ ബാഹുലേയൻ കഴിഞ്ഞവർഷം ജനുവരിയിൽ നാട്ടിൽ വന്നിരുന്നു. ഹൃദ്രോഗികൂടിയായ വേലായുധന് രണ്ടു മക്കളാണുള്ളത്.
ബാഹുലേയന്റെ സഹോദരി തുഷാര വിവാഹിതയാണ്. ഏഴു വർഷം മുമ്പാണ് ബാഹുലേയൻ ജോലി തേടി ഗൾഫിലെത്തിയത്. അതിനുമുമ്പ് പെരിന്തൽമണ്ണയിൽ കൺസ്യൂമർ ഫെഡ് ജീവനക്കാരനായിരുന്നു. നാലു വർഷത്തോളം അബ്ബാസിയയിൽ ഗ്രാൻഡ് ഹൈപ്പർ സൂപ്പർമാർക്കറ്റിലായിരുന്നു ജോലി. മൂന്നു വർഷം മുമ്പാണ് നാസർ ബത്ഹ ട്രേഡിങ് കമ്പനിക്കു കീഴിലെ ഹൈവേ സൂപ്പർമാർക്കറ്റിൽ സെക്ഷൻ ഇൻ ചാർജായത്.
മൂന്നു വർഷം മുമ്പായിരുന്നു വിവാഹവും. എൻ.ബി.ടി കമ്പനിയുടെ കീഴിൽ 140ഓളം പേർ താമസിക്കുന്ന ആറുനില കെട്ടിടത്തിലായിരുന്നു ബാഹുലേയനും താമസിച്ചിരുന്നത്. ബാഹുലേയന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചശേഷം നോർക്ക നാട്ടിലെത്തിക്കും.