മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറും വൈസ് പ്രസിഡൻറും തിങ്കളാഴ്ച സ്ഥാനങ്ങൾ രാജിവെക്കും. യു.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ് ബാബു എന്നിവർ രാജിവെക്കുന്നത്. രാവിലെ 10ന് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിക്കും. നിലവിൽ പ്രസിഡൻറ് പദവി മുസ്ലിം ലീഗിനും വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനുമാണ്. യു.ഡി.എഫിലെ മുൻധാരണപ്രകാരം 40 മാസം പ്രസിഡൻറ് പദവി ലീഗിനും വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിനുമാണ്. ശേഷം വരുന്ന 20 മാസം പ്രസിഡൻറ് പദവി കോൺഗ്രസിനും വൈസ് പ്രസിഡൻറ് ലീഗിനും വെച്ചുമാറാനായിരുന്നു ധാരണ. കാലാവധി തിങ്കളാഴ്ച പൂർത്തിയാകും. പ്രസിഡൻറ് സ്ഥാനം വനിതാ സംവരണമാണ്.
അഞ്ച് അംഗങ്ങളുള്ള കോൺഗ്രസിന് മൂന്ന് വനിതാ അംഗങ്ങളാണുള്ളത്. യു.കെ. മഞ്ജുഷ, സിമിലി കാരയിൽ, സീനരാജൻ എന്നിവരാണ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ളത്. യു.കെ. മഞ്ജുഷ നിലവിൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയാണ്. ഇവരിൽ ഒരാൾക്ക് നറുക്ക് വീഴാനാണ് സാധ്യത. മുസ്ലിം ലീഗിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുവ പഞ്ചായത്ത് അംഗത്തെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സ്ഥാനങ്ങൾ വെച്ചുമാറുന്നത് തർക്കത്തിന് കാരണമായിരുന്നു. അന്നത്തെ എം.എൽ.എ അഡ്വ. എം. ഉമ്മറും ജില്ല കമ്മിറ്റിയും ഇടപെട്ടാണ് കാര്യങ്ങൾ ഒത്തുതീർപ്പിത്തെിച്ചത്. 23 അംഗ സമിതിയിൽ ലീഗിന് പത്തും കോൺഗ്രസിന് അഞ്ചും അംഗങ്ങളാണുള്ളത്.