തിരൂർ: കാൻ ഫിലിം ഫെസ്റ്റിവൽ ഹ്രസ്വചിത്ര വിഭാഗത്തിലെ അവസാന ലിസ്റ്റിൽ ഇടം പിടിച്ച് തിരൂർ സ്വദേശിയുടെ ‘ഒച്ച്’. ഖത്തറിൽ എൻജിനീയറായ ചേന്നര പെരുന്തിരുത്തി സ്വദേശി നെഹ്ജുൽ ഹുദയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഒരു വിദ്യാർഥിയിലൂടെ രാഷ്ട്രീയകാര്യങ്ങൾ പറഞ്ഞാണ് സിനിമ മുന്നോട്ട് പോകുന്നത്.
ജാതി, ലിംഗ അസമത്വങ്ങളും സ്വസ്ഥജീവിതത്തിനായി നാടുവിടുന്ന യുവാക്കളും ഫാഷിസവുമൊക്കെ ചിത്രത്തിൽ കടന്നുവരുന്നു. പെരുന്തിരുത്തി, ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്, തിരൂർ ജി.ബി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വാഹിദ് ഇൻഫോമാണ് ഛായാഗ്രഹണം. സാജൻ കെ. റാം സംഗീത സംവിധാനം നിർവഹിച്ചു. അഷ്റഫ് ഇല്ലിക്കൽ, സന്തോഷ് ഇൻഫോം, അക്ബർ റിയൽ, എം. ഷൈജു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നിമ വി. പ്രദീപ്, എം.എം. പുറത്തൂർ, അരുണിമ, കൃഷ്ണൻ പച്ചാട്ടിരി, ഉമ്മർ കളത്തിൽ, തിരൂർ മമ്മുട്ടി, ബീന കോട്ടക്കൽ, പ്രസന്ന എന്നിവർ വേഷങ്ങൾ കൈകാര്യം ചെയ്തു.
2018 ൽ നെഹ്ജുൽ ഹുദ സംവിധാനം ചെയ്ത ‘നൂല്’ ഹ്രസ്വചിത്രം അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും സംസ്ഥാന പുരസ്കാരം നേടുകയും ചെയ്തിരുന്നു.