വളാഞ്ചേരി: ടൗണിന്റെ ഹൃദയഭാഗത്ത് നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ് മാറ്റണമെന്ന ആവശ്യം ശക്തം. ദേശീയ പാതയോരത്ത് കോഴിക്കോട് റോഡിനോട് ചേർന്നാണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസിന് ഇരുനില കെട്ടിടം നിർമിച്ചത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് അതേ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്.
സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓഫീസ് പുനർനിർമിച്ചത്. കാട്ടിപ്പരുത്തി ഉൾപ്പെടെ സംസ്ഥാനത്തെ 40 വില്ലേജ് ഓഫീസുകൾ ‘സ്മാർട്ട്’ ആക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ 2020 നവംബർ നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴിയാണ് ഉദ്ഘാടനം ചെയ്തത്.
തൊട്ടടുത്ത പ്രദേശമായ ഇരിമ്പിളിയം ഉൾപ്പെടെ വില്ലേജ് ഓഫീസുകളിൽ ഭൂരിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ കാട്ടിപ്പരുത്തിയുടെ നിർമാണം വൈകിയിരുന്നു. നഗരത്തിൽ ബസ് സ്റ്റാൻഡിന് എതിർവശം ദേശീയപാതയോരത്തെ റവന്യൂ വകുപ്പിൻറെ നാലര സെൻറ് സ്ഥലത്തുണ്ടായിരുന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ഇതിനായി സർക്കാർ 44 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.
കാവുമ്പുറത്തുള്ള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് വില്ലേജോഫീസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയായിട്ട് ആഴ്ചകളായി. മതിൽ നിർമാണവും പൂർത്തിയാക്കി കരാറുകാരൻ റവന്യൂ വകുപ്പിന് കെട്ടിടം കൈമാറുകയും ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉള്ളത് കൊണ്ടാണ് ഉദ്ഘാടനം വൈകുന്നത്.
കാട്ടിപ്പരുത്തി, കുളമംഗലം , വൈക്കത്തൂർ പ്രദേശത്തുള്ളവർക്ക് ഇപ്പോഴത്തെ താൽക്കാലിക വില്ലേജ് ഓഫീസിൽ എത്തുവാൻ ഓട്ടോയിലോ ബസ്സിലോ പോകേണ്ട അവസ്ഥയാണുള്ളത്. കാലവർഷം ആരംഭിക്കും മുമ്പായി പുതിയ കെട്ടിടത്തിൽ കാട്ടിപ്പരുത്തി സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കണമെന്നാവശ്യം ശക്തമാണ്.