പൊന്നാനി: വൃക്കരോഗം കാരണം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസമാവുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. 2.87 ലക്ഷം രൂപ ചെലവഴിച്ചുള്ള സിവിൽ വർക്കുകളാണ് നടക്കുന്നത്. മഴക്കാലത്തിന് മുമ്പ് ഫൗണ്ടേഷൻ വർക്കുകൾ പൂർത്തീകരിക്കും. 30 തൂണുകളുടെ നിർമാണം പൂർത്തിയായി. മേയ് 30 ഓടെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ ചെലവിട്ടാണ് കെട്ടിട നിർമാണം.
നിലവിലെ കെട്ടിടത്തിന്റെ പിന്നിലാണ് ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം ഉയരുക. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കുകയും, കൂട്ടിരിപ്പുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിച്ചാണ് കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയത്. ടി.ബി ആശുപത്രി പരിസരത്തെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. നിലവിൽ 27 ഡയാലിസിസ് യന്ത്രങ്ങൾ ഉപയോഗിച്ച് രണ്ട് ഷിഫ്റ്റിലായി നൂറിലധികം രോഗികൾക്ക് ഡയാലിസ് സൗകര്യമുണ്ട്.
സെന്ററിന്റെ പ്രവർത്തനത്തിന് തുച്ഛമായ സർക്കാർ ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ സുമനസ്സുകമുടെ അകമഴിഞ്ഞ സഹായം കാരണമാണ് സെന്റർ മുന്നോട്ട് പോകുന്നത്. സെന്ററിന്റെ പ്രവർത്തനത്തിനായി സുമനസുകളായ പ്രവാസികളുൾപ്പെടെ നിരവധി പേരാണ് സാമ്പത്തിക സഹായവും മരുന്നുകളും യന്ത്രങ്ങളും ഉൾപ്പെടെ സംഭാവന ചെയ്യുന്നത്.
കൂടാതെ പൊന്നാനി നഗരസഭ ഭരണസമിതിയും, ഡയാലിസിസ് കോഓഡിനേഷൻ കമ്മറ്റിയും നടത്തുന്ന മാതൃക പ്രവർത്തനവും സഹായമായുണ്ട്. നിരവധി പേരാണ് ഡയാലിസിസിനായി ഇപ്പോഴും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിരവധി പേർക്ക് ഡയാലിസിസിനുള്ള സൗകര്യമൊരുങ്ങും.