പുലാമന്തോൾ: വാഹന ജീവനക്കാർ തമ്മിൽ നടന്ന സംഘർഷത്തിൽ ബസിനെ പിന്തുടർന്നെത്തി ഗ്ലാസ് അടിച്ചുതകർത്തു. പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുൻവശത്തെ ഗ്ലാസാണ് ടോറസ് ലോറി വാഹന ജീവനക്കാരൻ അടിച്ചുതകർത്തത്. പുലാമന്തോൾ ടൗൺ ജങ്ഷനിൽ വ്യാഴാഴ്ച വൈകുന്നേരം 3.45ന് ആയിരുന്നു സംഭവം. പെരിന്തൽമണ്ണ-പട്ടാമ്പി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ടോറസ് വാഹനത്തിനുപിറകിൽ അമിത വേഗതയിലെത്തിയ ബസ് മറികടക്കാനുള്ള ശ്രമത്തിൽ ടോറസിന്റെ സൈഡ് ഗ്ലാസ് തകർത്തെന്നാരോപിച്ചാണ് ഗ്ലാസ് തകർത്തത്.
പുലാമന്തോളിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയ ബസിനു കുറുകെ ടോറസ് നിർത്തിയിട്ട് വലിയ സ്പാൻഡർ ഉപയോഗിച്ചാണ് ഗ്ലാസ് തകർത്തത്. തുടർന്നുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് അരമണിക്കൂറിലേറെ സമയം പുലാമന്തോളിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. പെരിന്തൽമണ്ണയിൽനിന്ന് പൊലീസ് എത്തിയാണ് റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ നീക്കം ചെയ്തത്.