മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 128 സ്ലൈസ് അത്യാധുനിക സി.ടി സ്കാനിങ് യന്ത്രം സ്ഥാപിക്കുന്നതിന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിൽ തീരുമാനം ആയില്ല. വ്യാഴാഴ്ച മെഡിക്കൽ കോളജിൽ ചേർന്ന യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു.
സ്കാനിങ് യന്ത്രം പ്രവർത്തിപ്പിക്കാൻ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്ന ആവശ്യമാണ് മെഡിക്കൽ കോളജ് അധികൃതരും ആശുപത്രിയിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗവും യോഗത്തിൽ അറിയിച്ചത്. ഇതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് അധികൃതർ അറിയിച്ചു. സൊസൈറ്റിയുടെ കോഴിക്കോട് റീജിയനൽ മാനേജർ, ഇലക്ട്രിക്കൽ എൻജിനീയർ, സി.ടി സ്കാൻ സ്ഥാപിക്കുന്ന കമ്പനി അധികൃതർ എന്നിവരാണ് യോഗത്തിന് എത്തിയത്. യോഗത്തിൽ തീരുമാനം എടുക്കാൻ സാധിക്കാതിരുന്നതോടെ മെഡിക്കൽ കോളജിന്റെ ആവശ്യം എം.ഡിയെ അറിയിച്ച് മറുപടി നൽകാമെന്ന ധാരണയിൽ യോഗം പിരിഞ്ഞു.
ഇതോടെ സൊസൈറ്റിയുടെ നേതൃത്വത്തിൽ യന്ത്രം സ്ഥാപിക്കുന്ന നടപടികൾ വീണ്ടും പാതിവഴിയിൽ മുടങ്ങി. സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനത്തിന്റെ സി.ടി സ്കാൻ പ്രവർത്തിപ്പിക്കാൻ വൈദ്യുതി നൽകാനാവില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ പക്ഷം. 12 വർഷം ഒ.പി ബ്ലോക്കിൽ പ്രവർത്തിച്ച സൊസൈറ്റിയുടെ സ്കാനിങ് യൂനിറ്റിന് വൈദ്യുതി നൽകിയത് ആശുപത്രിയിൽ നിന്നായിരുന്നു. ഇത് ഇനി തുടരാനാവില്ലെന്ന നിലപാടിലാണ് അധികൃതർ.
കെ.എച്ച്.ആർ.ഡബ്ല്യു.എസിൽനിന്ന് ആശുപത്രിക്ക് വരുമാനം ലഭിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. കെ.എച്ച്.ആർ.ഡബ്ല്യു.എസ് രോഗികളിൽനിന്ന് പണം ഈടാക്കുന്ന സ്ഥാപനമാണ്. ഇതിലേക്ക് ആശുപത്രിയിൽ നിന്ന് വൈദ്യുതി കണക്ഷൻ നൽകാനാകില്ലെന്ന ഇലക്ട്രിക്കൽ വിഭാഗം പറയുന്നു. സ്വന്തമായി ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ പ്രയാസമാണെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി പി.കെ. സുധീർ ബാബു പറഞ്ഞു. സൊസൈറ്റിയുടെ അധ്യക്ഷയായ ആരോഗ്യ മന്ത്രിയെ സമീപിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇനി ശ്രമം. നാല് കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ യന്ത്രം സ്ഥാപിക്കുന്നത്.