തിരൂര്‍ കുറ്റിപ്പുറം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

തിരൂര്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ചീനി മരത്തിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പൂക്കയില്‍ സ്വദേശികള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തിരൂര്‍- കുറ്റിപ്പുറം റോഡിലെ കണ്ണംകുളത്ത് വെച്ചാണ് പൂക്കയില്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന മാരുതി സെലോരിയ കാറ് നിയന്ത്രണം വിട്ട് റോഡരികിലെ ചീനിമരത്തിലിടിച്ച് തകര്‍ന്നത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പൂക്കയില്‍ നടുവിലങ്ങാടി സ്വദേശികളായ
ചേലംകുന്നത്ത് കുട്ടന്‍ (75), ബാലന്‍ (74), തങ്കം (62), ശോഭന (62), വിപിന്‍ദാസ് (35) എന്നിവരെയാണ് തിരൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
കൊപ്പത്തുള്ള ബന്ധുവീട്ടിലെ ചോറൂണ് കഴിഞ്ഞ് മടങ്ങവെയാണ് അപകടം. പ്രദേശവാസികളും അതുവഴി തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ സംഘവുമാണ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Leave a Comment