നിലമ്പൂർ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ ജലക്ഷാമം അനുഭവപ്പെടുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ പരിഹാരത്തിന് പദ്ധതികൾ ആവിഷ്കരിച്ചു. ചൂട് ഏറിവരുന്ന സാഹചര്യത്തിൽ ജലത്തിന്റെ ആവശ്യം കൂടുമെന്നത് മുന്നിൽകണ്ടാണ് പരിഹാരത്തിന് നടപടികൾ ത്വരിതപ്പെടുത്തുന്നത്. ആവശ്യത്തിനനുസരിച്ച് ടാങ്കറിൽ വെള്ളം പുറത്തു നിന്ന് പണം കൊടുത്ത് വാങ്ങി ആശുപത്രിയിലേക്ക് കൊണ്ടുവരുന്നുണ്ട്. 5000 ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ വാങ്ങാൻ തീരുമാനിച്ചു. ആശുപത്രിയോടു ചേർന്നുള്ള ഗവ. യു.പി സ്കൂളിലെ കിണറ്റിൽനിന്ന് വെള്ളം ആശുപത്രിയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
കിണർ റീച്ചാർജ് സംവിധാനവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഭൂഗർഭജല സംഭരണ ടാങ്ക് നിർമിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ ഇതിനായി വകയിരുത്തി. നിത്യേന രണ്ട് ലക്ഷം മുതൽ 2.5 ലക്ഷം ലിറ്റർ വെള്ളം ആവശ്യമുണ്ട്. എന്നാലും ജലക്ഷാമം ഉണ്ടെങ്കിലും ആശുപത്രിയിലെ പ്രവർത്തനം നിലവിൽ തടസ്സപ്പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പറഞ്ഞു. ഓപറേഷൻ, ഡയാലിസിസ്, കിടത്തിച്ചികിത്സ അടക്കം എല്ല സേവനങ്ങളും മുടക്കമില്ലാതെ തുടരുന്നു.