പൊന്നാനി: നഗരസഭ ബസ് സ്റ്റാൻഡ് നവീകരണം ഈ മാസം 18 മുതൽ ആരംഭിക്കും. പി. നന്ദകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരു കോടിരൂപ ചെലവിട്ടാണ് സ്റ്റാൻഡ് നവീകരിക്കുക. ഈ സമയം താൽക്കാലിക ബസ് പാർക്കിങ് കേന്ദ്രമായി പ്രവർത്തിക്കുക സിയാറത്ത് പള്ളി റോഡിലെ ഒഴിഞ്ഞ സ്ഥലത്തായിരിക്കുമെന്ന് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയുടെ അടിസ്ഥാനത്തിൽ തീരുമാനിച്ചു.
ഇതിന് കൗൺസിൽ യോഗം അംഗീകാരം നൽകുകയും ചെയ്തു. കൂടുതൽ നേരം സ്റ്റാൻഡിൽ നിർത്തിയിടുന്ന ബസുകളാണ് സിയാറത്ത് പള്ളിറോഡിൽ പാർക്ക് ചെയ്യേണ്ടത്.
ബസ് സ്റ്റാൻഡിൽ നിന്ന് ആളുകളെ ഇറക്കുന്നതിനും കയറ്റുന്നതിനും തടസമില്ല. കൂടുതൽ നേരം നിറുത്തിയിടുന്ന ബസുകൾക്ക് മാത്രമാണ് പുതിയ ക്രമീകരണം ബാധകമാകുക. സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നേരത്തെ പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചിരുന്നു. ഇരുനില കെട്ടിടം, കഫ്റ്റീരിയ, വിശ്രമകേ കേന്ദ്രം, സ്ത്രീകൾക്കും ഭിന്നശേഷി ക്കാർക്കുമുള്ള പ്രത്യേക ശുചിമുറി എന്നിവ അടങ്ങുന്നതാകും പുതിയ സ്റ്റാൻഡ്. എട്ട് മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുന്ന തരത്തിലാണ് കരാർ. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ ചുമതല.