പൊന്നാനി: വൃക്കരോഗം മൂലം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസത്തിന്റെ തലോടൽ നൽകുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കമാകുന്നു. വെള്ളിയാഴ്ച കെട്ടിടോദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 4.40 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
നിലവിലെ കെട്ടിടത്തിന്റെ പിറക് വശത്തായാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം ഉയരുക. കൂടുതൽ ഡയാലിസിസ് രോഗികൾക്ക് സേവനം ലഭ്യമാക്കും. ഡയാലിസിസിനെത്തുന്നവരുടെ കൂട്ടിരിപ്പുകാർക്ക് തൊഴിൽ പരിശീലനം നൽകുന്നതുൾപ്പെടെ സംവിധാനങ്ങൾ ക്രമീകരിച്ചാണ് കെട്ടിടത്തിനുള്ള രൂപരേഖ തയാറാക്കിയത്. മണ്ണ് പരിശോധന ഉൾപ്പെടെ നേരത്തെ പൂർത്തിയാക്കിയിരുന്നെങ്കിലും മൂന്ന് കോടിയുടെ മുകളിലുള്ള പദ്ധതിയായതിനാൽ സാങ്കേതികാനുമതി നീണ്ട് പോവുകയായിരുന്നു.
ടി.ബി ആശുപത്രി കോമ്പൗണ്ടിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിലാണ് നിലവിൽ സെൻറർ പ്രവർത്തിക്കുന്നത്. നിലവിൽ 27 മെഷീനുകൾ ഉപയോഗിച്ച് രണ്ട് ഷിഫ്റ്റിലായി 100ലധികം രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. സെന്ററിന്റെ പ്രവർത്തനത്തിന് തുച്ഛമായ സർക്കാർ ഫണ്ട് മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, പ്രവാസികളുൾപ്പെടെ സുമനസ്സുകളുടെ അകമഴിഞ്ഞ സഹായം മൂലമാണ് മുന്നോട്ട് പോകുന്നത്.
കൂടാതെ പൊന്നാനി നഗരസഭ ഭരണസമിതിയും ഡയാലിസിസ് കോഓഡിനേഷൻ കമ്മിറ്റിയും നടത്തുന്ന മാതൃകപരമായ പ്രവർത്തനമാണ് സെൻററിനെ സുഗമമായി മുന്നോട്ട് കൊണ്ടുപോവുന്നത്.
നിരവധി പേരാണ് ഡയാലിസിസിനായി ഇപ്പോഴും അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമായാൽ നിരവധി പേർക്ക് ഡയാലിസിസിന് സൗകര്യമൊരുങ്ങും.