മലപ്പുറം: ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്‍റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് തോണ്ടാലിലെ ക്വാട്ടേഴ്‌സിൽ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, 200 ഗ്രാമുകളുടെ നിരവധി പാക്കറ്റുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് കിലോഗ്രാമിന് 25,000 രൂപയാണ് ഇവർ ഈടാക്കുന്നത്. സ്‌കൂൾ കുട്ടികളെയടക്കം ലക്ഷ്യമിടുന്ന 100, 200 ഗ്രാമുകളുടെ പാക്കറ്റുകൾക്ക് യഥാക്രമം 500, 1000 രൂപയും.
ജയ്പൂരിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളികൾ വഴിയാണ് വില്പന. രാത്രി ഏഴ് മണിയോടെ സ്ഥലത്തെത്തിയ എക്‌സൈസ് സംഘം ഏഴരയോടെയാണ് ക്വാട്ടേഴ്‌സിൽ കടന്ന് പരിശോധന തുടങ്ങിയത്. ചാക്കുകളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. രാത്രി 10.30 -ഓടെയാണ് പരിശോധന അവസാനിച്ചത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എൻ. അബ്ദുൽ വഹാബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ. മുഹമ്മദലി, എം.ടി. ഹരീഷ്ബാബു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പി. സലീന, വി.വി. രൂപിക എന്നിവരും സംഘത്തിലുണ്ടായിരുന്നു.