കുറ്റിപ്പുറം: രാത്രി 12നുശേഷമുള്ള കടയടപ്പിക്കലിൽ പൊലീസിനെതിരെ ഡി.വൈ. എഫ്.ഐ പരസ്യ പോരിലേക്ക്. രാത്രിയിൽ വലിയ കടകൾ തുറക്കാൻ അനുവദിക്കുകയും ചെറുകിട കടക്കാരെ അടപ്പിക്കുകയും ചെയ്യുന്ന പൊലീസ് നിലപാടിനെതിരെയാണ് പ്രതിഷേധം ശക്തമായത്. തിങ്കളാഴ്ച വൈകീട്ട് കുറ്റിപ്പുറം ടൗണിൽ വ്യാപാരി വ്യവസായി സമിതിയും ഡി.വൈ.എഫ്.ഐയും ചേർന്ന് പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. രാത്രി സമയത്ത് ട്രെയിനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് കുറ്റിപ്പുറം ടൗണിലെ കടകൾ ആശ്വാസമാണ്. ഇതിന് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നാണ് പരാതി.
ഏതാനും ദിവസം മുമ്പ് രാത്രി 11ന് കുറ്റിപ്പുറം ടൗണിൽ എത്തിയ പൊലീസ് ചില തട്ടുകടകൾ അടപ്പിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ സമയം, പഞ്ചായത്ത് ലേലത്തിൽ ലഭിച്ച ഒരു തട്ടുകടയിൽ മോടി പിടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ട ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമായ അബൂതാഹിറിനോടും സഹായികളോടും അവിടെയെത്തിയ രണ്ടു പൊലീസുകാർ രാത്രിയിൽ ഇവിടെ നിൽക്കാൻ പാടില്ലെന്നു പറയുകയും ഇത് ചോദ്യംചെയ്ത അബൂ താഹിറിനെ അസഭ്യം പറഞ്ഞതായും ഈ സംഭവം വീഡിയോയിൽ പകർത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷംസുദീന്റെ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തതായി പരാതിയുണ്ട്. ഇതേതുടർന്ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ രണ്ട് ദിവസം ടൗണിൽ പ്രതിഷേധ തട്ടുകട തുറന്നിരുന്നു.
കച്ചവടസ്ഥാപനങ്ങൾക്ക് രാത്രിയും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും തന്നോടും ഷംസുദ്ദീനോടും മോശമായി പെരുമാറിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും അബൂതാഹിർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.