പൊന്നാനി: ഇൻസ്റ്റഗ്രാമിൽ വൈറലായ ഭാരതപ്പുഴയുടെ മനോഹര തുരുത്തിലെ കാൽപന്ത് കളി വീഡിയോയുടെ പിന്നിലെ കരങ്ങൾ ഇവിടെയുണ്ട്.
പനമ്പാട് സ്വദേശി ഇജാസ് പകർത്തിയ വീഡിയോയാണ് ഫുട്ബാൾ പേജുകളിൽ പറന്നുനടക്കുന്നത്. പൊന്നാനിയിലെ ഭാരതപ്പുഴയുടെ മനോഹാരിതയും പുഴയുടെ തുരുത്തിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികളുമാണ് വീഡിയോയിലുള്ളത്.
ഫുട്ബാൾ ഫാൻസുകാരുടെ പേജുകളായ 433, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഐ.എസ്.എൽ എന്നിവയിലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക് പേജുകളിലും വീഡിയോ ഇടംപിടിച്ചു. 25 മില്യൻ പേരാണ് 433 ഇൻസ്റ്റഗ്രാം പേജ് വഴി മാത്രം പൊന്നാനിയുടെ മനോഹാരിത കണ്ടത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വർക്ക് ഔട്ട് വീഡിയോയുടെ കാഴ്ചക്കാർക്കും മുകളിലാണ് ഇജാസിന്റെ റീൽസ് ഇടം നേടിയത്. ഇജാസിന്റെ പേജിൽ മാത്രം അഞ്ച് മില്യൻ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. ഇത്തരത്തിൽ അപൂർവ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ നേടാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ഇജാസ് പറഞ്ഞു. നേരത്തെയും പൊന്നാനിയിലെ നിളയോര പാതയിലെ മനോഹര റീൽസുകൾ ഇജാസ് പങ്കുവെച്ചിട്ടുണ്ട്.
വൈറൽ വീഡിയോക്ക് പിറകെ മുടി മുറിച്ച കഥ
പൊന്നാനി: പൊന്നാനിയുടെ ദൃശ്യചാരുത കാൽപന്ത് കളിയുടെ പശ്ചാത്തലത്തിൽ പകർത്തിയ ഇജാസിന്റെ വീഡിയോക്ക് പിന്നിൽ ഒരു മുടി മുറിച്ച കഥ പറയാറുണ്ട്. മൂന്ന് വർഷമായി വളർത്തുന്ന മുടി മുറിച്ച കഥ. വീഡിയോ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഐ.എസ്.എൽ എന്നീ പേജുകൾ പങ്കുവെച്ചതോടെ സുഹൃത്തുക്കൾ ബെറ്റ് വെക്കുകയായിരുന്നു.
70 മില്യണിലേറെ ഫോളോവേഴ്സുള്ള 433 ഫുട്ബാൾ പേജിൽ വീഡിയോ ഉണ്ടാകുമെന്ന് സുഹൃത്തുക്കൾ പറഞ്ഞതിനെത്തുടർന്ന് നടന്ന ബെറ്റിലാണ് ഇത് യാഥാർഥ്യമായാൽ മുടി മുറിക്കാമെന്ന് ഇജാസ് ഉറപ്പ് നൽകിയത്. ദിവസങ്ങൾക്കകം 433 പേജിൽ റീൽസ് വന്നതോടെ മൂന്ന് വർഷം പരിപാലിച്ച മുടി മുറിച്ചുമാറ്റിയെങ്കിലും വീഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ഇജാസ്.