കൊണ്ടോട്ടി: മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് നഗരസഭക്ക് വെല്ലുവിളിയാകുന്നു. മുസ്ലിയാരങ്ങാടി ചെമ്പാലയിലാണ് കേന്ദ്രം നിർമിക്കുന്നത്. ജനവാസ മേഖലയില്‍ മാലിന്യ സംസ്കരണം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതു സംബന്ധിച്ച് നഗരസഭാധികൃതര്‍ പ്രദേശവാസികളുമായി നടത്തിയ ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു.
യോഗം അവസാനിപ്പിച്ചു മടങ്ങുന്നതിനിടെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. മുഹിയുദ്ദീന് അലിയെ തടഞ്ഞുവച്ചു കൈയേറ്റത്തിനു ശ്രമിച്ചതായി പരാതിയുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്നു മുഹിയുദ്ദീന് അലിയെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുജനങ്ങളെ അറിയിക്കാതെയാണ് മാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കുന്നതെന്നാണ് പ്രധാന പരാതി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലേക്ക് നാട്ടുകാര്‍ കൂട്ടത്തോടെ എത്തുകയായിരുന്നു.
നഗരസഭയിലെ 40 വാര്‍ഡുകളില്‍നിന്നും ഹരിത കര്‍മസേന ശേഖരിക്കുന്ന അജൈവ മാലിന്യം തരംതിരിക്കുന്നതിനും സംസ്കരിക്കുന്നതിനുമാണ് മാലിന്യ സംസ്കരണ കേന്ദ്രം നിര്‍മിക്കുന്നത്. ശാസ്ത്രീയമായ രീതിയിലാണു മാലിന്യസംസ്കരണം നടത്തുകയെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയില്ലെന്നും സെക്രട്ടറി ഫിറോസ് ഖാന് വിശദീകരിച്ചു. വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ മടങ്ങിയത്.