കരുളായി: ജൽ ജീവൻ മിഷൻ ഗാർഹിക കുടിവെള്ള പദ്ധതിക്കായുള്ള കുഴൽ സ്ഥാപിക്കൽ പ്രവൃത്തിക്ക് കരുളായി പഞ്ചായത്തിൽ തുടക്കമായി. കരുളായി, അമരമ്പലം, ചോക്കാട്, മൂത്തേടം പഞ്ചായത്തുകളെ കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 362 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ കുടിവെള്ള കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ചാലിയാറിൽ പദ്ധതിക്കായുള്ള കിണർ നിർമാണവും നടക്കുന്നുണ്ട്. പദ്ധതിയുടെ ജല സംഭരണി സ്ഥാപിക്കാനായി ചെട്ടിയിൽ കണ്ടെത്തിയ ഒന്നര ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന്റെ നടപടി പൂർത്തിയാക്കാനുണ്ട്. ഭൂ ഉടമ ആവശ്യപ്പെടുന്ന തുക സർക്കാർ മൂല്യത്തിന് തുല്യമല്ലാത്തതിനാലാണ് സ്ഥലം ഏറ്റെടുക്കൽ വൈകുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സൗജന്യമായി പൈപ്പ് കണക്ഷൻ നൽകുകയും ശുദ്ധീകരിച്ച വെള്ളമെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
https://malappuramnews.in/listings/aviator-college-of-aviation-studies-manjeri/
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയൻ കുഴൽ സ്ഥാപിക്കൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സിദ്ദീഖ് വടക്കൻ, പി.കെ. റംലത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുവാടൻ സുന്ദരൻ, ഇ.കെ. അബ്ദുറഹിമാൻ, കെ. മിനി, എം. അബ്ദുൽ സലാം, അസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.പി. സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.