മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടത്. പ്രതിഭാഗത്തെ രൂക്ഷമായി വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ ക്വാറി പ്രവർത്തിപ്പിക്കരുതെന്ന കർശന നിർദ്ദേശം നൽകി.
2018ലാണ് ക്വാറി പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ പത്തോളം കരിങ്കൽ ലോഡുകൾ ഒരു ദിനം ഖനനം നടത്തിയിരുന്ന ക്വാറിയിൽ, ഇപ്പോഴത് നൂറിലധികം ലോഡുകളായി വർധിച്ചു. ക്വാറിയുടെ അൻപത് മീറ്റർ ചുറ്റളവിൽ തന്നെ വീടുകളാണ്. ഖനനം മൂലം പുതിയ വീടുകൾക്ക് പോലും വിള്ളൽ രൂപപ്പെട്ടതായി നാട്ടുകാർ പറയുന്നു.