അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

അപകടക്കെണിയായി വാട്ടർ അതോറിറ്റി കുഴിയെടുത്ത റോഡ്

PONNANI NEWS : ജല അതോറിറ്റിയുടെ പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനുണ്ടാക്കിയ കുഴികൾ മൂടാത്തതിനാൽ പൊന്നാനി-നരിപ്പറമ്പ് ദേശീയപാതയിലെ പൊന്നാനി ആർ.വി പാലസിന് മുൻവശത്തെ റോഡ് അപകടക്കെണിയായി. മാസങ്ങൾ പിന്നിട്ടിട്ടും കുഴിയടക്കാൻ വാട്ടർ അതോറിറ്റി തയാറാവാത്തത് അപകടങ്ങൾക്കിടയാക്കുകയാണ്. ഒരാഴ്ച മുമ്പ് പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയ ഇടത്താണ് റോഡ് കോൺക്രീറ്റ് ചെയ്യാത്തതിനാൽ വാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവായത്.

മലപ്പുറത്തുനിന്ന് കരിങ്കല്ലുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച കുഴിയിൽ പതിച്ചത്. ലോറിയുടെ ചക്രങ്ങൾ പൂർണമായും കുഴിയിൽ വീണതോടെ നടുറോഡിൽ ലോറി കുടുങ്ങി. ഇത് ഏറെ നേരം ഗതാഗതസ്തംഭനത്തിന് ഇടയാക്കി.

ആഴ്ചകൾക്ക് മുമ്പ് ഈ ഭാഗത്തെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയാണ് റോഡ് തകർന്നത്. തുടർന്ന് പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് വെട്ടിപ്പൊളിച്ച് അറ്റകുറ്റപണി നടത്തിയിരുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിച്ചെങ്കിലും കുഴിയെടുത്ത ഭാഗം മൂടാതെയാണ് കരാറുകാർ മടങ്ങിയത്. ഇതോടെ ഇതുവഴി വരുന്ന വാഹനങ്ങളെല്ലാം കുഴിയിൽ വീഴുന്നത് പതിവായി.

ഈ ഭാഗത്ത് നിരവധി തവണ പൈപ്പ് പൊട്ടി റോഡ് തകർന്നിരുന്നു. മൂന്നുതവണ അറ്റകുറ്റപ്പണി നടത്തിയിട്ടും കാലപ്പഴക്കമേറിയ ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നത് തുടർക്കഥയായിരിക്കുകയാണ്. റോഡിലെ കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വിവിധ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് വീണ്ടും കുഴിയടച്ചു.

ഈ ഭാഗത്താണ് കഴിഞ്ഞ ദിവസം ശുദ്ധജല വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാവുകയും റോഡ് തകരുകയും ചെയ്തത്. എട്ട് മാസം മുമ്പ് 1.65 കോടി രൂപ ചെലവിൽ പുനർനിർമിച്ച റോഡാണ് വാട്ടർ അതോറിറ്റി ഇടക്കിടെ പൊളിച്ചിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുടിവെള്ള പൈപ്പുകളാണ് ഈ റോഡിന് താഴെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *